BREAKING NEWS


തരൂരിന് ക്ഷണമുണ്ടായിരുന്നു; കോൺഗ്രസ് എതിർപ്പാണ് വിട്ടുനിൽക്കാൻ കാരണമെന്ന് സവർക്കർ പുരസ്‌കാര സമിതി

By sanjaynambiar
jnblijp8i

ന്യൂഡൽഹി: പ്രഥമ സവർക്കർ പുരസ്‌കാരം ഏറ്റുവാങ്ങാൻ ശശി തരൂർ എംപിയെ ഡൽഹിയിലെ വസതിയിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നുവെന്ന് പുരസ്‌കാരം നൽകുന്ന ആർഎസ്എസ് അനുകൂല സംഘടനയായ എച്ച്ആർഡിഎസ് (HRDS) സെക്രട്ടറി അജി കൃഷ്ണൻ വ്യക്തമാക്കി. കോൺഗ്രസിൻ്റെ എതിർപ്പാണ് തരൂർ പരിപാടിയിൽ പങ്കെടുക്കാതിരിക്കാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു.നവംബർ 12-നാണ് അവാർഡ് വിതരണം നിശ്ചയിച്ചിരുന്നത്. ഇതിന് മുന്നോടിയായി തരൂരിന് മെയിൽ അയച്ചതിന് ശേഷം സംഘടനയുടെ പ്രതിനിധികൾ അദ്ദേഹത്തിന്റെ വസതിയിൽ പോയി കണ്ടിരുന്നു.

​ശശി തരൂരിന്റെ സ്റ്റാഫ് അംഗങ്ങളെ മൂന്നോ നാലോ തവണ കണ്ടിരുന്നുവെന്നും, ഒരു തവണ തരൂരിനെ നേരിട്ട് കണ്ടിരുന്നുവെന്നും അജി കൃഷ്ണൻ പറഞ്ഞു. “പരിപാടിയിൽ വരാമെന്ന് ശശി തരൂർ സമ്മതിക്കുകയും ഡയറിയിൽ കുറിച്ചുവെക്കാൻ നിർദേശിക്കുകയും ചെയ്തു. അദ്ദേഹത്തെ ദ്രോഹിക്കാനല്ല, ഒരു അവാർഡ് നൽകാനാണ് ഞങ്ങൾ ശ്രമിച്ചത്. സവർക്കർ പുരസ്‌കാരത്തിന് തരൂർ ഇപ്പോഴും അർഹനാണ്,” അജി കൃഷ്ണൻ കൂട്ടിച്ചേർത്തു.സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌ന സുരേഷിന് ജോലി നൽകിയതിനെ ചിലർ എതിർക്കുന്നതിലെ അതൃപ്തിയും അജി കൃഷ്ണൻ പങ്കുവെച്ചു. “സ്വർണക്കടത്തിൽ പ്രതിയായ ശിവശങ്കറിനെ മുഖ്യമന്ത്രി ചേർത്ത് പിടിച്ചതിൽ ആർക്കും കുഴപ്പമില്ല. പാവപ്പെട്ട ഒരു സ്ത്രീക്ക് ജോലി കൊടുക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്?” അദ്ദേഹം ചോദിച്ചു.

​തങ്ങൾ ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം പിൻപറ്റുന്നവർ തന്നെയാണെന്ന് വ്യക്തമാക്കിയ അജി കൃഷ്ണൻ, മഹാത്മാഗാന്ധിയുടെ അഹിംസാവാദത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. അഹിംസാവാദം ഇല്ലായിരുന്നെങ്കിൽ സ്വാതന്ത്ര്യം കുറച്ചുകൂടി നേരത്തെ ലഭിക്കുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ശശി തരൂരിന് സവർക്കർ പുരസ്‌കാരം നൽകുമെന്ന പ്രഖ്യാപനവും രാജ്‌നാഥ് സിങ് പുരസ്‌കാരം വിതരണം ചെയ്യുമെന്ന തരത്തിലുള്ള പോസ്റ്ററും പുറത്തിറങ്ങിയതിന് പിന്നാലെ കോൺഗ്രസിനകത്ത് നിന്ന് തന്നെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ, വിവാദങ്ങളിൽ തന്റെ ഭാഗം വിശദീകരിച്ച് ശശി തരൂർ രംഗത്തെത്തി. മാധ്യമങ്ങളിലൂടെയാണ് പുരസ്‌കാര വിവരം അറിഞ്ഞതെന്നും, ഇത്തരമൊരു പുരസ്‌കാരത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അത് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *