ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്ഗോങിലെ ബഹിരാകാശ യാത്രികര്‍ക്ക് കൂട്ടായി പുതിയൊരു അംഗം കൂടിയെത്തുന്നു. യാത്രികര്‍ക്ക് പിന്തുണ നല്‍കുന്നതിനായി തയ്യാറാക്കിയ വുക്കോങ് എന്ന എഐ ചാറ്റ് ബോട്ടാണ് ചൈന ബഹിരാകാശ നിലയത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 16-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ജേണി റ്റു ദി വെസ്റ്റ് എന്ന ചൈനീസ് നോവലിലെ കഥാപാത്രമായ സുന് വുകോങ് അഥവാ മങ്കി കിങ് എന്ന കഥാപാത്രത്തിന്റെ പേരാണ് ചാറ്റ്ബോട്ടിന് നല്‍കിയിരിക്കുന്നത്. ആസൂത്രണം, ഗതിനിര്‍ണയം എന്നിവയില്‍ ചൈനീസ് സഞ്ചാരികളെ സഹായിക്കുന്നതിന് വേണ്ടിയാണ് വുക്കോങ് എഐ രൂപകല്പന ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം മുതല്‍ ചാറ്റ്ബോട്ട് ബഹിരാകാശ നിലയത്തില്‍ സജീവമാണ്. മൂന്ന് ബഹിരാകാശ സഞ്ചാരികളുടെ ബഹിരാകാശ നടത്തത്തിന് സഹായിയായി വുക്കോങ് ഇതിനകം പ്രവര്‍ത്തിച്ചുകഴിഞ്ഞു. സങ്കീര്‍ണമായ ജോലികള്‍ക്ക് പിന്തുണയായി ഫലപ്രദമായ വിവരങ്ങള്‍ അതിവേഗം നല്കാന് ഈ സംവിധാനത്തിന് സാധിക്കും. ജോലിയുടെ മികവ് ഉയര്‍ത്തുന്നതിനൊപ്പം ഭ്രമണപഥത്തിൽ ആവശ്യമായ മാനസിക പിന്തുണയും വുക്കോങിന് നല്‍കാനാവുമെന്നും ചൈനീസ് അധികൃതര്‍ പറയുന്നു.
എന്താണ് വുക്കോങ് എഐ
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്ന ലാര്‍ജ് ലാംഗ്വേജ് മോഡലാണ് വുക്കോങ് എഐ. രണ്ട് മോഡ്യൂളുകളാണ് ഇതിനുള്ളത്. അതിലൊന്ന് ബഹിരാകാശ നിലയത്തിലും രണ്ടാമത്തേത് ഗ്രൗണ്ട് സ്റ്റേഷനിലും സ്ഥാപിക്കും. ബഹിരാകാശ നിലയത്തിലെ മോഡ്യൂള്‍ സഞ്ചാരികളുടെ ജോലികളില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി സഹായിക്കുമ്പോള്‍, ഗ്രൗണ്ട് സ്റ്റേഷനിലെ മോഡ്യൂള്‍ വിവരങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യാന്‍ സഹായിക്കുന്നു. ഇവ രണ്ടിന്റേയും സംയോജനത്തിലൂടെയാണ് വുക്കോങ് എഐ ഒരു ഇന്റലിജന്റ് അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുന്നത്.
