തിരുവനന്തപുരം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും മുൻ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റുമായ സുജ ചന്ദ്രബാബു മുസ്ലിംലീഗിൽ ചേർന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.
മൂന്ന് തവണ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുജ, ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് സുജ പറഞ്ഞു. “പുറമെ പറയുന്ന മതനിരപേക്ഷതയല്ല സിപിഎമ്മിനുള്ളിലുള്ളത്” എന്ന് അവർ തുറന്നടിച്ചു.ലീഗിന്റെ സ്വീകരണം: മുസ്ലിംലീഗിന്റെ മതനിരപേക്ഷ നിലപാടുകളിൽ ആകൃഷ്ടയായാണ് താൻ ഈ തീരുമാനമെടുത്തതെന്നും അവർ വ്യക്തമാക്കി.
കൊല്ലം ജില്ലയിൽ നിന്ന് ഒരാഴ്ചയ്ക്കിടെ പാർട്ടി വിടുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് സുജ ചന്ദ്രബാബു.
കഴിഞ്ഞ ആഴ്ച കൊട്ടാരക്കര മുൻ എംഎൽഎയും പാർട്ടിയുടെ കരുത്തുറ്റ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുതിർന്ന നേതാക്കളുടെ ഈ കൂടുമാറ്റം സിപിഎമ്മിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
