ഗ്വായ്ബ: ബ്രസീലിയൻ നഗരമായ ഗ്വായ്ബയിൽ സ്ഥാപിച്ചിരുന്ന ലോകപ്രശസ്തമായ ‘സ്റ്റാച്യു ഓഫ് ലിബർട്ടി’യുടെ പകർപ്പ് ശക്തമായ കൊടുങ്കാറ്റിൽ തകർന്നു വീണു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. ഏകദേശം 40 മീറ്റർ ഉയരമുള്ള കൂറ്റൻ പ്രതിമ കാറ്റിന്റെ വേഗതയിൽ അടിപതറി റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.

ന്യൂയോർക്കിലെ യഥാർത്ഥ പ്രതിമയുടെ മാതൃകയിൽ 2020-ലാണ് ഇത് ഇവിടെ സ്ഥാപിച്ചത്. നഗരത്തിലെ തിരക്കേറിയ റോഡിലേക്കാണ് പ്രതിമ വീണതെങ്കിലും, ആ സമയത്ത് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.കാറ്റിന്റെ ശക്തിയിൽ പ്രതിമ ആദ്യം ഒരു വശത്തേക്ക് ചരിഞ്ഞുവീഴുന്നതും, നിലത്തടിച്ച ആഘാതത്തിൽ തലഭാഗം ചിതറിത്തെറിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
