കൊച്ചി: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി ഭാഗ്യലക്ഷ്മി. ഒരു ആരോപണം വൈറലാകുമ്പോൾ തകരുന്നത് ഒരു മനുഷ്യജീവിതമാണെന്നും വ്യക്തമായ തെളിവുകളില്ലാതെ സോഷ്യൽ മീഡിയ നടത്തുന്ന വിചാരണകൾ അപകടകരമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

പ്രതികരണത്തിലെ വൈരുദ്ധ്യം: ബസ്സിൽ യാത്ര ചെയ്യുമ്പോൾ മോശമായ സ്പർശനം ഉണ്ടായാൽ അത് നമ്മുടെ ഭാവത്തിൽ പ്രകടമാകേണ്ടതാണ്. എന്നാൽ ഈ വീഡിയോയിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന പെൺകുട്ടി യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിച്ചതെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം അവിടെ വെച്ച് തന്നെ പ്രതികരിക്കാനായിരുന്നു കാണിക്കേണ്ടിയിരുന്നത്. ഒരാൾക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വന്തം ജീവൻ നൽകേണ്ടി വരുന്നത് സങ്കടകരമാണ്. വീഡിയോ കണ്ട ഉടനെ ദീപക്കിനെതിരെ വ്യാപകമായ ആക്രമണം നടത്തിയവരും വീഡിയോ പങ്കുവെച്ച യുവതിയും ഈ മരണത്തിന് ഉത്തരവാദികളാണെന്ന് അവർ പറഞ്ഞു.
കാള പെറ്റു എന്ന് കേൾക്കും മുൻപ് കയറെടുക്കുന്ന സ്വഭാവം സോഷ്യൽ മീഡിയയിൽ സ്ഥിരമാണ്. വൈറലാകാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന മനുഷ്യരും അവരെ പ്രോത്സാഹിപ്പിക്കുന്ന ചില മാധ്യമങ്ങളും ഉണ്ടെന്ന് അവർ കുറ്റപ്പെടുത്തി. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, എന്നാൽ നിരപരാധിക്ക് നീതി ലഭിക്കണം. ഇതിൽ ഒന്ന് നഷ്ടമായാലും അത് സമൂഹത്തിന്റെ പരാജയമാണെന്ന് അവർ ഓർമ്മിപ്പിച്ചു.
പയ്യന്നൂരിൽ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ദീപക് ലൈംഗികോദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ആരോപിച്ച് യുവതി വെള്ളിയാഴ്ചയാണ് വീഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ സൈബർ ആക്രമണം ഭയന്ന ദീപക്കിനെ ഞായറാഴ്ച പുലർച്ചെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
