തിരുനാവായ: ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായ കുംഭമേളയെന്ന് വിശേഷിപ്പിക്കുന്ന ആത്മീയ-സാംസ്കാരിക സംഗമമായ ‘മഹാമാഘ മഹോത്സവ’ത്തിന് തുടക്കമായി. നാവാമുകുന്ദ ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

നിളാ സ്‌നാനവും ആരതിയും: ഉത്സവകാലയളവിൽ എല്ലാ ദിവസവും രാവിലെ നിളാ സ്‌നാനവും വൈകീട്ട് കാശിയിലെ പണ്ഡിറ്റുമാരുടെ നേതൃത്വത്തിലുള്ള നിളാ ആരതിയും നടക്കും.ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനമായ തമിഴ്‌നാട്ടിലെ തിരുമൂർത്തി മലയിൽനിന്ന് ശ്രീചക്രവുമായുള്ള രഥയാത്ര ആരംഭിച്ചു. ഇത് ജനുവരി 22-ന് വൈകീട്ട് തിരുനാവായയിലെത്തും. ഫെബ്രുവരി മൂന്ന് വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ സത്സംഗങ്ങൾ, വിദ്വൽസദസ്സുകൾ, കളരി, യോഗ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും.
ചടങ്ങിലെ പ്രമുഖർ:മഹാമാഘ സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, വർക്കിങ് ചെയർമാൻ കെ. ദാമോദരൻ, ചീഫ് കോർഡിനേറ്റർ കെ. കേശവദാസ്, സാമൂതിരി കുടുംബാംഗമായ കെ.സി. ദിലീപ് രാജ, ശബരിമല മുൻ മേൽശാന്തി അരിക്കര സുധീർ നമ്പൂതിരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.തിങ്കളാഴ്ച ആരംഭിച്ച മഹോത്സവത്തിൽ പങ്കെടുക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഭാരതപ്പുഴയുടെ തീരത്തേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
