മുംബൈ: ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ ആദ്യദിനം തന്നെ ഇന്ത്യക്ക് കനത്ത പരാജയം നേരിടേണ്ടി വന്നുവെന്നും ഇന്ത്യൻ വ്യോമസേന പൂർണമായും സ്തംഭിച്ചുപോയെന്നുമുള്ള തന്റെ പ്രസ്താവനയിൽ മാപ്പ് പറയില്ലെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ. തന്റെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

താൻ തെറ്റായതൊന്നും പറഞ്ഞിട്ടില്ലെന്നും അതിനാൽ ക്ഷമ ചോദിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞാൻ മാപ്പ് പറയില്ല, അതിന്റെ ആവശ്യവുമില്ല,” പൃഥ്വിരാജ് ചവാൻ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം പാകിസ്ഥാൻ സൈന്യം ഇന്ത്യൻ വിമാനങ്ങളെ വെടിവെച്ചിട്ടുവെന്നും യുദ്ധത്തിൽ ഇത്തരം നഷ്ടങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സർക്കാർ സത്യം പുറത്തുവരുന്നത് തടയുകയാണെന്നും ചില വസ്തുതകൾ മറച്ചുവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യം നേടിയ വൻ വിജയത്തിന് പിന്നിൽ വോട്ടിങ് യന്ത്രങ്ങളിൽ (EVM) നടത്തിയ അട്ടിമറിയാണെന്നും ചവാൻ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
