BREAKING NEWS


മോഷണവും കൊലപാതകവുമടക്കം അൻപതിലേറെ കേസുകളിലെ പ്രതി ബാലമുരുകൻ തമിഴ്‌നാട്ടിൽ പിടിയിൽ

By sanjaynambiar
culprit

തൃശൂർ: സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ വേഷംമാറിയും പോലീസിനെ വെട്ടിച്ചും നടന്ന കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ (തൃശൂർ അഞ്ചോളം) ഒടുവിൽ തമിഴ്‌നാട് പോലീസിന്റെ പിടിയിലായി. തെങ്കാശിയിൽ നിന്നുള്ള ക്യൂ ബ്രാഞ്ച് സംഘം ട്രിച്ചിക്കു സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. കൊലപാതകവും മോഷണവും ഉൾപ്പെടെ തമിഴ്‌നാട്ടിലും കേരളത്തിലുമായി അമ്പതിലധികം കേസുകളിൽ പ്രതിയാണ് ഇയാൾ.

​കഴിഞ്ഞ നവംബർ മൂന്നിന് തൃശൂർ വിയ്യൂർ അതീവ സുരക്ഷാ ജയിലിന് മുന്നിൽ നിന്നാണ് ബാലമുരുകൻ അവസാനമായി രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ ജയിലിലെത്തിച്ചപ്പോൾ, അകത്തേക്ക് കയറ്റാനായി വിലങ്ങഴിച്ച നിമിഷം പോലീസുകാരെ വെട്ടിച്ച് ഇയാൾ ഓടിമറയുകയായിരുന്നു. ഒരു വീടിന് മുന്നിൽ താക്കോൽ സഹിതം ഇരുന്ന ബൈക്ക് മോഷ്ടിച്ചാണ് ഇയാൾ അന്ന് തൃശൂർ കടന്നത്.
​ഇത് രണ്ടാം തവണയാണ് ബാലമുരുകൻ കേരള പോലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെടുന്നത്. മുൻപ് മറയൂരിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ, ദിണ്ടിഗൽ-കൊടൈറോഡ് ടോൾഗേറ്റിൽ വെച്ച് ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് എസ്.ഐയെ അക്രമിച്ച് കടന്നുകളയുകയുമായിരുന്നു.

​പിടികൂടാതിരിക്കാൻ രൂപമാറ്റം വരുത്തുന്നതിൽ ബാലമുരുകൻ അഗ്രഗണ്യനാണ്. ഒരു സ്ഥലത്ത് സാധാരണക്കാരനായി ലുങ്കി ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഇയാൾ, മറ്റൊരു സ്ഥലത്ത് ജീൻസും കൂളിംഗ് ഗ്ലാസും ധരിച്ച് തികച്ചും വ്യത്യസ്തനായ വ്യക്തിയായി മാറും. വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട ശേഷം ചെന്നൈയിലെത്തി തല മുണ്ഡനം ചെയ്തും മീശ വടിച്ചും ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

തമിഴ്‌നാട്ടിൽ മാത്രം 53 കേസുകൾ ഇയാൾക്കെതിരെയുണ്ട്.തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഇയാൾ പ്രതിയാണ്. ഒരു വർഷത്തിനിടെ മറയൂരിൽ മാത്രം 20 വീടുകളിൽ ഇയാൾ മോഷണം നടത്തി. സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങി, രജിസ്ട്രേഷൻ നടപടികൾ തീരും മുൻപേ അവ മറിച്ചുവിറ്റായിരുന്നു ഇയാളുടെ സഞ്ചാരം.നിലവിൽ തമിഴ്‌നാട്ടിൽ റിമാൻഡിലുള്ള പ്രതിയെ വിയ്യൂരിലെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട കേസിൽ വൈകാതെ കേരള പോലീസിന് കൈമാറും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *