കൊച്ചി: കേരളത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളുടെ നേർചിത്രമായ മട്ടാഞ്ചേരിയിലെ തിരഞ്ഞെടുപ്പ് പോരാട്ടം ഇത്തവണ ഭാഷാപരമായ ഒരു വെല്ലുവിളിയാണ് സ്ഥാനാർത്ഥികൾക്ക് മുന്നോട്ട് വെക്കുന്നത്. ‘മിനി ഇന്ത്യ’ എന്ന് വിളിപ്പേരുള്ള മട്ടാഞ്ചേരി, 36-ഓളം വ്യത്യസ്ത മത-ഭാഷാ ന്യൂനപക്ഷങ്ങൾ ഒത്തൊരുമിച്ച് ജീവിക്കുന്ന പ്രദേശമാണ്. ഇവിടത്തെ പുതിയ ചെറളായി അഞ്ചാം ഡിവിഷനിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് മലയാളം കൂടാതെ, വോട്ടർമാരുമായി സംവദിക്കാൻ മറ്റ് നിരവധി ഭാഷകൾ കൂടി അറിഞ്ഞിരിക്കേണ്ട അവസ്ഥയാണ്.

ഈ ഡിവിഷനിലെ വോട്ടർമാരിൽ ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവരും കൊങ്കണി സമൂഹക്കാരും ഉൾപ്പെടുന്നു. ഇവർ സംസാരിക്കുന്ന പ്രധാന ഭാഷകളായ കൊങ്കണി, ഗുജറാത്തി, മറാഠി, കന്നഡ, തുളു, തെലുങ്ക്, തമിഴ്, ഉറുദു, പാഴ്സി എന്നിവയുടെ സ്വാധീനം ഇവിടെ പ്രകടമാണ്.
പാരമ്പര്യമായി ഇവിടെ താമസിക്കുന്ന പഴയ തലമുറയ്ക്ക് മലയാളം അറിയാമെങ്കിലും, പുതുതലമുറക്കാർക്ക് മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിൽ, വോട്ടർമാരെ ആകർഷിക്കാൻ സ്ഥാനാർത്ഥികൾക്ക് പരമ്പരാഗത പ്രചാരണ രീതികളിൽ മാറ്റം വരുത്തേണ്ടി വരുന്നു. ഓരോ വിഭാഗക്കാരും താമസിക്കുന്ന മേഖലകളിലെ മതിലുകളിൽ അവരുടെ ഭാഷയിൽത്തന്നെ വോട്ടഭ്യർത്ഥന എഴുതിയിരിക്കുന്നു. വീടുകളിൽ വിതരണം ചെയ്യുന്ന നോട്ടീസുകൾ പോലും വിവിധ ഭാഷാ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതാണ്.
വാർഡ് പുനർനിർണയമാണ് ഈ സവിശേഷമായ സാഹചര്യം സൃഷ്ടിച്ചത്. നേരത്തെ മട്ടാഞ്ചേരി ഡിവിഷനിലായിരുന്ന ഈ ബഹുഭാഷാ മേഖല, പുനർനിർണയത്തിലൂടെ ചിറളായി അഞ്ചാം ഡിവിഷന്റെ ഭാഗമായതോടെയാണ് ഇവിടെ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ബാനറുകൾ, മതിലെഴുത്തുകൾ, നോട്ടീസുകൾ എന്നിവ തയ്യാറാക്കുമ്പോൾ പത്തോളം ഭാഷകളിൽ ശ്രദ്ധിക്കേണ്ടി വരുന്നത്. മട്ടാഞ്ചേരിയുടെ സാംസ്കാരിക ഭൂമിക പോലെ, ഇവിടത്തെ തിരഞ്ഞെടുപ്പ് പ്രചാരണവും ഇപ്പോൾ ഒരു ബഹുഭാഷാ സംഗമമായി മാറുകയാണ്.
