ബെംഗളൂരു: സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചതിനെത്തുടർന്ന് വീട് നഷ്ടപ്പെട്ട യെലഹങ്ക ഫക്കീർ കോളനി നിവാസികൾക്ക് രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരം ഫ്ലാറ്റുകൾ അനുവദിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ബയ്യപ്പനഹള്ളിയിൽ നിർമാണം പൂർത്തിയായ ഫ്ലാറ്റുകളാണ് സബ്സിഡി നിരക്കിൽ നൽകുക. ഗുണഭോക്താക്കളെ കണ്ടെത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രേഖകൾ പരിശോധിച്ച് വരികയാണ്. ജനുവരി ഒന്ന് മുതൽ ഫ്ലാറ്റുകൾ കൈമാറി തുടങ്ങും.
11.20 ലക്ഷം രൂപയാണ് ഒരു ഫ്ലാറ്റിന്റെ നിർമാണ ചിലവ്. ഇതിൽ വലിയൊരു ഭാഗം സർക്കാർ സബ്സിഡിയായി നൽകും.
ജനറൽ വിഭാഗം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ബെംഗളൂരു നഗര വികസന അതോറിറ്റിയുടെയും (BDA) സഹായത്തോടെ ആകെ 8.70 ലക്ഷം രൂപ സബ്സിഡി ലഭിക്കും. ബാക്കി 2.5 ലക്ഷം രൂപ ഗുണഭോക്താക്കൾക്ക് വായ്പയായി ലഭ്യമാക്കും.പട്ടിക വിഭാഗം: ഇവർക്ക് ആകെ 9.50 ലക്ഷം രൂപ സബ്സിഡിയായി ലഭിക്കും. ബാക്കി തുകയായ 1.70 ലക്ഷം രൂപ കുറഞ്ഞ പലിശയിൽ വായ്പയായി നൽകും.

കുടിയൊഴിപ്പിക്കൽ വിവാദമായതിനെത്തുടർന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതോടെയാണ് സർക്കാർ പുനരധിവാസ പാക്കേജിന് അന്തിമ രൂപം നൽകിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഭവനമന്ത്രി സമീർ അഹമ്മദ് ഖാൻ പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.അതേസമയം, മാലിന്യ നിർമാർജനത്തിനായി നീക്കിവെച്ച 5 ഏക്കർ ക്വാറി ഭൂമി തിരിച്ചുനൽകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂമാഫിയ രണ്ട് ലക്ഷം രൂപ വരെ കൈപ്പറ്റിയാണ് ക്വാറിയിൽ വീട് നിർമ്മിക്കാൻ സൗകര്യമൊരുക്കിയതെന്നും ഇതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
