ഐസിസി നൽകിയ സമയപരിധി അവസാനിച്ചിട്ടും ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് മാറ്റം വരുത്തിയിട്ടില്ല. ഇതോടെ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമാണ് ബംഗ്ലാദേശ് സ്പോർട്സ് അഡ്വൈസർ അസിഫ് നസ്റുൾ ആവശ്യപ്പെടുന്നത്.

ഐപിഎല്ലിൽ മുസ്താഫിസുർ റഹ്മാനെ കളിപ്പിക്കേണ്ടെന്ന് ബിസിസിഐ എടുത്ത തീരുമാനം തങ്ങളെ അവഗണിക്കുന്നതിന് തുല്യമാണെന്ന് ബിസിബി പ്രസിഡന്റ് അമിനുൾ ഇസ്ലാം ആരോപിച്ചു. ഇന്ത്യ-പാക് മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്തുന്നത് പോലെ തങ്ങൾക്കും ആ പരിഗണന വേണമെന്നാണ് ഇവരുടെ ആവശ്യം.ഐസിസി പ്രതിനിധികൾ നേരിട്ട് ബംഗ്ലാദേശിൽ പോയി ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.സമയപരിധി അവസാനിച്ച സാഹചര്യത്തിൽ, ലോകകപ്പ് ഷെഡ്യൂളിൽ മാറ്റം വരുത്താതെ ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്താനാണ് ആലോചന.ജയ് ഷാ ദുബായിൽ വെച്ച് ഇക്കാര്യത്തിൽ ഉടൻ അന്തിമ പ്രഖ്യാപനം നടത്തിയേക്കും.
ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളുടെയും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ, ബംഗ്ലാദേശ് താരങ്ങളെ ഇന്ത്യയിൽ കളിപ്പിക്കുന്നതിനെതിരെ ചില സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മുസ്താഫിസുർ റഹ്മാനെ കളിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചത്. ഇതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളാക്കിയത്.
ബംഗ്ലാദേശ് വിട്ടുനിൽക്കുന്നത് ടൂർണമെന്റിന്റെ ആവേശത്തെ ബാധിക്കുമെങ്കിലും സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇന്ത്യയിലേക്ക് വരാതിരിക്കുന്നത് ഐസിസി ഗൗരവമായാണ് കാണുന്നത്.
