ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിൽ (MGNREGA) സമഗ്രമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഗ്രാമീണ കുടുംബങ്ങൾക്ക് നിലവിൽ ഉറപ്പാക്കുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണം 100-ൽ നിന്ന് 125 ദിവസമായി ഉയർത്താനുള്ള നിർദേശം കേന്ദ്ര മന്ത്രിസഭ തിങ്കളാഴ്ച ചർച്ച ചെയ്തു.നിയമത്തിൻ്റെ പേര് മാറ്റുന്ന കാര്യവും സർക്കാരിൻ്റെ സജീവ പരിഗണനയിലാണ്.

പ്രധാന പരിഷ്‌കാരങ്ങൾ:
തൊഴിൽ ദിനങ്ങളുടെ വർദ്ധനവ്: നിലവിൽ ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തെ കൂലിത്തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഇത് 125 ദിവസമായി ഉയർത്താനാണ് ആലോചിക്കുന്നത്. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പേര് മാറ്റം: നിയമത്തിൻ്റെ പേര് ‘പൂജ്യ ബാപ്പു ഗ്രാമീണ തൊഴിലുറപ്പ് നിയമം’ എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശവും മന്ത്രിസഭ ചർച്ച ചെയ്തു.തൊഴിൽ ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും പേര് മാറ്റുന്നതിനും നിലവിലെ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്. 2026 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പതിനാറാം ധനകാര്യ കമ്മീഷൻ്റെ പ്രാഥമിക പദ്ധതിയായി ഇത് നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 2029-30 വരെ അഞ്ച് വർഷത്തേക്ക് പദ്ധതിയുടെ തുടർച്ചയ്ക്കായി 5.23 ലക്ഷം കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. ഈ തുക അനുവദിക്കാനായി സർക്കാർ എക്സ്പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്.കോവിഡ് മഹാമാരിയുടെ കാലയളവിൽ (2020-21) 7.55 കോടി ഗ്രാമീണ കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളായി. എന്നാൽ, 2022 മുതൽ ഗുണഭോക്താക്കളുടെ എണ്ണത്തിൽ ക്രമേണ കുറവുണ്ടായി.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം:
2024-25 സാമ്പത്തിക വർഷത്തിൽ ഒരു കുടുംബത്തിന് ശരാശരി 50 ദിവസത്തെ തൊഴിൽ മാത്രമാണ് ലഭിച്ചത്.
100 ദിവസത്തെ തൊഴിൽ പരിധി പൂർത്തിയാക്കിയത് 40.70 ലക്ഷം കുടുംബങ്ങൾ മാത്രമാണ്.
2005-ൽ പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ 4,872.16 കോടി തൊഴിൽ സൃഷ്ടിക്കുകയും 11,74,692.69 കോടി രൂപ ചെലവഴിക്കുകയും ചെയ്‌തതായി സർക്കാർ രേഖകൾ പറയുന്നു.
