പാലക്കാട്: എലപ്പുള്ളി തേനാരിയിലെ ഒകരംപള്ളത്ത് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായി. ഒകരംപള്ളം സ്വദേശിയായ വിപിനെ (30) മർദിച്ച സംഭവത്തിൽ സുഹൃത്തുക്കളായ ശ്രീകേഷ് (24), ഗിരീഷ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ ഒരാളായ ശ്രീകേഷിന്റെ വീട്ടിൽ നേരത്തെ നടന്ന ഒരു ആക്രമണത്തിൽ വിപിനും പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് മർദനമുണ്ടായത്. മർദനത്തിന് ശേഷം വിപിനെ പോസ്റ്റിൽ കെട്ടിയിടുകയായിരുന്നു. അറസ്റ്റിലായ ശ്രീകേഷും ഗിരീഷും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

