ഹൈദരാബാദ്: പ്രഭാസ് നായകനാകുന്ന ‘ദി രാജാസാബ്’ (The Raja Saab) എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ നടി നിധി അഗർവാളിന് നേരിടേണ്ടി വന്ന ദുരനുഭവം സിനിമാ ലോകത്ത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഹൈദരാബാദിൽ നടന്ന ചടങ്ങിന് ശേഷം മടങ്ങുകയായിരുന്ന നടിയെ ഒരു സംഘം ആരാധകർ വളയുകയും അപമര്യാദയായി പെരുമാറുകയായിരുന്നു.

തിരക്കിനിടയിൽ പെട്ടുപോയ താരം ഏറെ പ്രയാസപ്പെട്ടാണ് കാറിനടുത്തേക്ക് നീങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നിട്ടും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. കുകട്ട്പള്ളി ഹൗസിങ് ബോർഡ് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രതികരണവുമായി പ്രശസ്ത ഗായിക ചിന്മയി ശ്രീപാദ രംഗത്തെത്തി. എക്സിലൂടെയായിരുന്നു (X) അവരുടെ രൂക്ഷമായ പ്രതികരണം.”കഴുതപ്പുലികളേക്കാൾ മോശമായി പെരുമാറുന്ന ഒരു കൂട്ടം പുരുഷന്മാർ! സത്യത്തിൽ കഴുതപ്പുലികളെ എന്തിനാണ് അപമാനിക്കുന്നത്? സമാന ചിന്താഗതിക്കാരായ പുരുഷന്മാർ ഒരിടത്ത് ഒത്തുചേർന്നാൽ അവർ ഒരു സ്ത്രീയെ ഇങ്ങനെ ഉപദ്രവിക്കും. ദൈവം ഇവരെയെല്ലാം മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റാത്തത് എന്തുകൊണ്ടാണ്?” – ചിന്മയി കുറിച്ചു.
നടിമാരുടെ സ്വകാര്യതയെ മാനിക്കാത്ത ആരാധകരുടെ പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പരിപാടിയുടെ സംഘാടനത്തിൽ വലിയ സുരക്ഷാ വീഴ്ച ഉണ്ടായതായും വിമർശനമുണ്ട്.
’ദി രാജാസാബ്’ സിനിമയെക്കുറിച്ച്:
‘കൽക്കി 2898 എ.ഡി’ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ദി രാജാസാബ്’. മാരുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, മാളവിക മോഹനൻ, നിധി അഗർവാൾ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
