ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ തൊഴിലുറപ്പ് ബില്ലിനെതിരെ കടുത്ത വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എം.പി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതും നിയമത്തിൽ വരുത്തിയ ഭേദഗതികളും ഗാന്ധിജിയെ രണ്ടാമതും വധിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു. പാർലമെന്റിൽ മതിയായ ചർച്ചകൾ കൂടാതെ അർദ്ധരാത്രിയിൽ തിരക്കിട്ട് ബില്ല് പാസാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങൾക്ക് കനത്ത ബാധ്യത: പുതിയ നിയമം നടപ്പിലാകുന്നതോടെ പദ്ധതിയുടെ സാമ്പത്തിക ബാധ്യതയുടെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരും. ഇത് രാജ്യത്തെ സംസ്ഥാനങ്ങൾക്ക് ആകെ 50,000 കോടി രൂപയുടെ അധികഭാരം വരുത്തിവെക്കും. കേരളത്തിന് മാത്രം ഏകദേശം 2,000 കോടി രൂപയുടെ അധികച്ചെലവ് ഇതുവഴിയുണ്ടാകും.
പദ്ധതിയെ തകർക്കാനുള്ള നീക്കം: യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കൊണ്ടുവന്ന ഈ പദ്ധതി, ഗ്രാമീണ മേഖലയിലെ 25 കോടിയോളം വരുന്ന ദരിദ്ര ജനവിഭാഗങ്ങളുടെ ഏക ആശ്രയമാണ്.
ഈ സുപ്രധാന പദ്ധതിയെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ബ്രിട്ടാസ് ആരോപിച്ചു.സെലക്ട് കമ്മിറ്റിക്ക് വിട്ടില്ല: ബില്ലിനെക്കുറിച്ച് പഠിക്കാൻ രണ്ടാഴ്ചത്തെ സമയം നൽകണമെന്നും സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ തള്ളി.ഈ നിയമനിർമ്മാണത്തിനെതിരെ ഡിസംബർ 22-ന് ഇടതുപക്ഷ പാർട്ടികൾ ദേശീയതലത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. വരും ദിവസങ്ങളിൽ ഇതൊരു പ്രധാന രാഷ്ട്രീയ പ്രചാരണ വിഷയമായി മാറുമെന്നും ജോൺ ബ്രിട്ടാസ് എം.പി വ്യക്തമാക്കി.
