ബെംഗളൂരു മെട്രോയുടെ (നമ്മ മെട്രോ) പുതിയ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 19 കിലോമീറ്റർ നീളത്തിലുള്ള പുതിയ മെട്രോ പാതയാണ് പ്രധാനമന്ത്രി ഞായറാഴ്ച തുറന്നുകൊടുത്തത്. തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗവർണർ താവർ ചന്ദ് ഗഹലോത് തുടങ്ങിയവർക്കൊപ്പം മോദി മെട്രോയിൽ യാത്രചെയ്തു.

യെല്ലോ ലൈൻ എന്നു പേരിട്ട 19.15 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയിൽ 16 സ്റ്റേഷനുകൾ നിർമിച്ചിട്ടുണ്ട്. 5,056 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. മെട്രോ പാത തുറന്നതോടെ ഹൊസൂർ റോഡ്, സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി ജങ്ഷൻ എന്നിവിടങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്ന വൻ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് കരുതുന്നത്. നിലവിൽ ഗ്രീൻ, പർപ്പിൾ ലൈനുകളാണ് ബെംഗളൂരു മെട്രോയ്ക്ക് ഉള്ളത്. ഇതിനും പുതിയ യെല്ലോ ലൈനും പുറമെ, ഒരു പാത കൂടി നിർമ്മിക്കും. മെട്രോ മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട ഓറഞ്ച് ലൈനാണ് നിർമാണം തുടങ്ങുന്നത്. 15,611 കോടി രൂപ ചെലവിൽ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമിക്കുന്നത്.
മെട്രോ ഉദ്ഘാടനത്തിന് മുൻപ് മൂന്ന് വന്ദേഭാരത് എക്സ്പ്രസുകളുടെ ഫ്ളാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെഎസ്ആർ ബെംഗളൂരു-ബെലഗാവി, ശ്രീ മാതാ വൈഷ്ണോദേവി കത്ര-അമൃത്സർ, നാഗ്പുർ-പൂണെ സർവീസുകളാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. ഇതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 150 ആയി.
