BREAKING NEWS


ദീപകിന്റെ മരണം: യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം; കമ്മീഷണർക്ക് പരാതി നൽകി

By sanjaynambiar
deepak www

കുടുംബം; കമ്മീഷണർക്ക് പരാതി നൽകി
​കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ദീപകിന്റെ കുടുംബം സിറ്റി പോലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകി.

മനപ്പൂർവം അപകീർത്തിപ്പെടുത്തി: ജോലി ആവശ്യത്തിനായി വെള്ളിയാഴ്ച ബസിൽ യാത്ര ചെയ്യുകയായിരുന്നു ദീപക്. അമിത തിരക്കുള്ള ബസിൽ നിൽക്കുകയായിരുന്ന ദീപകിനെ യുവതി മനപ്പൂർവം വീഡിയോയിൽ ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തുകയായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു.
​നിയമനടപടി: യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. കളക്ടർക്കും, ഡിജിപിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി. പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ കുടുംബത്തിന് ഉറപ്പുനൽകി.

​സംഭവം വിവാദമായതോടെ ആരോപണം ഉന്നയിച്ച യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോൾ അപ്രത്യക്ഷമായിട്ടുണ്ട്. ദീപകിന്റെ മരണത്തിന് പിന്നാലെ യുവതിക്കെതിരെ സോഷ്യൽ മീഡിയയിൽ വൻതോതിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. ആദ്യ വീഡിയോയ്ക്ക് പിന്നാലെ പോസ്റ്റ് ചെയ്ത രണ്ടാമത്തെ വീഡിയോ യുവതി നേരത്തെ നീക്കം ചെയ്തിരുന്നു.

​വിഷയത്തിൽ ഇടപെട്ട് രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലുള്ള ‘ഓൾ കേരള മെൻസ് അസോസിയേഷൻ’ ഡിജിപിക്ക് പരാതി നൽകി. മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് സംഘടന അറിയിച്ചു. പുരുഷന്മാർക്കെതിരെയുള്ള വ്യാജ ആരോപണങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.ബസിൽ വെച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചു എന്നാരോപിച്ചാണ് യുവതി വീഡിയോ പുറത്തുവിട്ടിരുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് തൊട്ടുപിന്നാലെയാണ് ദീപകിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *