ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ വെടിവെപ്പിൽ ഹവീൽദാർ ഗജേന്ദ്ര സിങ് വീരമൃത്യു വരിച്ചു. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താൻ ഇന്ത്യൻ സൈന്യം ആരംഭിച്ച ‘ഓപ്പറേഷൻ ട്രാഷി’ (Operation Trashi-I) എന്ന സൈനിക നീക്കത്തിനിടെയാണ് രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്.
പാകിസ്താൻ കേന്ദ്രമായ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗങ്ങൾ മേഖലയിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സ് കിഷ്‌ത്വാറിലെ ചത്രൂ മേഖലയിൽ തിരച്ചിൽ ശക്തമാക്കി. വനത്തിനുള്ളിൽ മൂന്നംഗ ഭീകരസംഘം ഒളിച്ചിരിപ്പുണ്ടായിരുന്നു. തിരച്ചിൽ സംഘം വനത്തിനുള്ളിലേക്ക് നീങ്ങിയതോടെ ഭീകരർ സൈനികർക്ക് നേരെ ഗ്രനേഡുകൾ എറിയുകയും തുരുതുരെ വെടിയുതിർക്കുകയും ചെയ്തു.
സുരക്ഷാവലയം ഭേദിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഭീകരർക്ക് നേരെ സൈന്യം ശക്തമായി തിരിച്ചടിച്ചു. മണിക്കൂറുകളോളം ഇരുവിഭാഗവും തമ്മിൽ വെടിവെപ്പ് തുടർന്നു. ഗ്രനേഡ് ചീളുകൾ തറച്ച് പരിക്കേറ്റ മൂന്ന് സൈനികരെ കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് ഹവീൽദാർ ഗജേന്ദ്ര സിങ് വീരമൃത്യു വരിച്ചത്.
വനമേഖല കേന്ദ്രീകരിച്ച് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കൂടുതൽ ഭീകരർ മേഖലയിൽ ഉണ്ടെന്ന നിഗമനത്തിൽ അധിക സൈന്യത്തെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

