റാവൽപിണ്ടി: തോഷാഖാന അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം തടവ് ശിക്ഷ വിധിച്ചു. റാവൽപിണ്ടിയിലെ അതീവ സുരക്ഷാ ജയിലിൽ നടന്ന വിചാരണയ്ക്കൊടുവിൽ പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അർജുമന്ദ് ആണ് വിധി പ്രഖ്യാപിച്ചത്.

തടവ്: പാക് ശിക്ഷാ നിയമത്തിലെ 409-ാം വകുപ്പ് (വിശ്വാസവഞ്ചന) പ്രകാരം 10 വർഷത്തെ കഠിന തടവും, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 7 വർഷം വീതവുമാണ് ശിക്ഷ.
പിഴ: ശിക്ഷയ്ക്ക് പുറമെ ഇരുവരും പത്ത് ദശലക്ഷം രൂപ വീതം പിഴയായും ഒടുക്കണം.
2021-ൽ ഇമ്രാൻ ഖാൻ ഭരണത്തിലിരിക്കെ, സൗദി കിരീടാവകാശിയിൽ നിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ ഔദ്യോഗിക ഖജനാവായ ‘തോഷാഖാന’യിൽ ഏൽപ്പിക്കുന്നതിൽ അഴിമതി കാട്ടിയെന്നാണ് കേസ്. സൗദി നൽകിയ വിലയേറിയ ‘ബൾഗാരി’ ഡയമണ്ട് ജ്വല്ലറി സെറ്റ് സ്വന്തമാക്കാൻ വിപണി മൂല്യത്തിന്റെ ചെറിയൊരു ശതമാനം തുക മാത്രമാണ് ഖജനാവിൽ അടച്ചത്. ഏകദേശം 80 ദശലക്ഷം പാകിസ്താനി രൂപ വിലമതിക്കുന്ന ആഭരണങ്ങൾക്ക് വെറും 2.9 ദശലക്ഷം രൂപ മാത്രം നൽകി ഇരുവരും അത് കൈവശപ്പെടുത്തി എന്ന് പ്രോസിക്യൂഷൻ കണ്ടെത്തി.
പാക് നിയമപ്രകാരം ഭരണാധികാരികൾക്ക് ലഭിക്കുന്ന വിലപിടിപ്പുള്ള ഔദ്യോഗിക സമ്മാനങ്ങൾ തോഷാഖാന എന്ന സർക്കാർ ഖജനാവിലേക്ക് കൈമാറണം. അവ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിപണി വിലയുടെ നിശ്ചിത ശതമാനം സർക്കാരിലേക്ക് അടയ്ക്കേണ്ടതുണ്ട്. ഇതിൽ കൃത്രിമം കാണിച്ച് വിപണി വില കുറച്ചു കാണിച്ചു എന്നതാണ് ഇമ്രാനും ഭാര്യയും നേരിട്ട പ്രധാന ആരോപണം.
ഇമ്രാൻ ഖാന്റെ പ്രായവും ബുഷ്റ ബീബി സ്ത്രീയാണെന്ന പരിഗണനയും വെച്ചാണ് ശിക്ഷയിൽ ഇളവ് നൽകിയതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ നിലവിൽ തടവിൽ കഴിയുന്ന ഇമ്രാൻ ഖാന് ഈ വിധി വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
