തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കാനുള്ള സിപിഐഎം നീക്കത്തിനെതിരെ ആന്റണി രാജു രംഗത്ത്. ഇനി തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരള കോൺഗ്രസ്‌ന് നല്‍കില്ലെന്ന നിലപാട് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐഎം ഔദ്യോഗികമായി അറിയിക്കാനിരിക്കുകയാണ്. മണ്ഡലത്തിന്റെ പ്രത്യേക ചുമതല മന്ത്രി വി. ശിവൻകുട്ടിക്ക് പാര്‍ട്ടി നല്‍കിയിട്ടുണ്ട്.

എംഎല്‍എ സ്ഥാനത്ത് നിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെയാണ് സീറ്റ് ഏറ്റെടുക്കാന്‍ സിപിഐഎം തീരുമാനിച്ചത്. അയോഗ്യത തനിക്കുമാത്രമാണെന്നും പാര്‍ട്ടിക്കല്ലെന്നും ചൂണ്ടിക്കാട്ടി സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് അദ്ദേഹം. പാര്‍ട്ടി സ്ഥാനാര്‍ഥിയായി മറ്റൊരാളെ ഇറക്കാനുള്ള നീക്കവും ആരംഭിച്ചതോടെ സിപിഐഎം നേതൃത്വം മണ്ഡല നിയന്ത്രണം ശക്തമാക്കി.
മണ്ഡലത്തില്‍ ഇടതുമുന്നണി നടത്തിയ വികസന ജാഥയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സഹകരിച്ചില്ലെന്നും, വികസന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും ആന്റണി രാജുവും ഓഫീസും പ്രതികരിച്ചില്ലെന്നും സിപിഐഎം നേതൃത്വം ആരോപിക്കുന്നു. അടുത്ത ആഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തിരുവനന്തപുരം സീറ്റ് സിപിഐഎം ഏറ്റെടുക്കുന്നതായി ഔദ്യോഗികമായി അറിയിക്കാനാണ് തീരുമാനം.
അതേസമയം ഘടകകക്ഷിയെന്ന നിലയില്‍ സീറ്റിനുള്ള അവകാശവാദത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നു. അനുനയ നീക്കമായി തിരുവനന്തപുരത്തിന് പകരം മറ്റൊരു മണ്ഡലം നല്‍കുന്നതും ചര്‍ച്ചയില്‍ സിപിഐഎം പരിഗണിക്കാനിടയുണ്ട്.
