തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ട്രംപിന്റെ സാമ്പത്തിക നയങ്ങളും ഭീഷണികളും കേരളത്തിന്റെ നികുതി വരുമാനത്തെയും കയറ്റുമതി മേഖലയെയും പ്രതികൂലമായി ബാധിച്ചുവെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ബജറ്റ് പ്രസംഗത്തിലെ പ്രധാന വിമർശനങ്ങൾ:
ജിഎസ്ടി വരുമാനത്തിലെ ഇടിവ്: ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി കേന്ദ്രസർക്കാർ ജിഎസ്ടി നിരക്കുകളിൽ മാറ്റം വരുത്തിയത് കേരളത്തിന്റെ നികുതി വരുമാനത്തിൽ വലിയ കുറവുണ്ടാക്കി.കയറ്റുമതി മേഖലയിലെ പ്രതിസന്ധി: അമേരിക്ക ഉയർത്തിയ ഉയർന്ന താരിഫുകൾ ലോകവ്യാപാര രംഗത്ത് അനിശ്ചിതത്വം സൃഷ്ടിച്ചു. ഇത് കേരളത്തിന്റെ സമുദ്രോൽപ്പന്ന കയറ്റുമതിയെ സാരമായി ബാധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.ഒരു റിപ്പബ്ലിക്കിന്റെ തലവനെ പ്രസിഡന്റ് മന്ദിരത്തിൽ നിന്ന് അറസ്റ്റ് ചെയ്ത് അമേരിക്കൻ ജയിലിലടച്ച നടപടിയെ മന്ത്രി ശക്തമായി വിമർശിച്ചു. കോളനി ഭരണകാലത്ത് പോലും കേട്ടുകേൾവിയില്ലാത്ത ഇത്തരം കാര്യങ്ങൾ ജനാധിപത്യക്രമത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ സാമ്പത്തിക സമൂഹവുമായി ഇന്ത്യ ഒപ്പിട്ട കരാറുകൾ ക്ഷീരകർഷകർക്കും വ്യവസായ മേഖലയ്ക്കും തിരിച്ചടിയാകുമോ എന്ന ആശങ്ക മന്ത്രി പങ്കുവെച്ചു. ഇത്തരം വെല്ലുവിളികളെ നേരിടാൻ സംസ്ഥാനം മുൻകൂട്ടി സജ്ജമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിജീവനത്തിന്റെ ചരിത്രം
ആഗോള പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ താൽപ്പര്യ സംരക്ഷണത്തിനായി ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. എത്ര വലിയ പ്രതിസന്ധികളെയും അതിജീവിച്ച ചരിത്രമാണ് കേരളത്തിന്റേതെന്നും ആ കരുത്തിൽ മുന്നോട്ട് പോകുമെന്നും പറഞ്ഞാണ് മന്ത്രി പ്രസംഗം തുടർന്നത്.
