നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. ആദ്യ സ്ഥാനാർഥി പട്ടിക ഈ മാസം 20ന് പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു. രണ്ട് മണ്ഡലങ്ങൾ ഒഴികെ നിലവിലെ എംഎൽഎമാർ തന്നെ മത്സരിക്കും. തൃക്കാക്കര മണ്ഡലത്തിൽ ഉമാ തോമസ് വീണ്ടും രംഗത്തിറങ്ങും. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്ക്കും മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയിട്ടുണ്ട്. സിറ്റിങ് എംഎൽഎമാർ തമ്മിൽ സീറ്റ് മാറ്റം അനുവദിക്കില്ലെന്ന നിർദ്ദേശവും നൽകി.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സമിതികൾക്കും രൂപം നൽകി. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പ്രചാരണ സമിതി ചെയർമാനാകും. തിരുവനന്തപുരം എംപി ശശി തരൂർ സഹ അധ്യക്ഷനാകും. പത്ത് അംഗങ്ങളുള്ള സമിതിയിൽ യുവ നേതാക്കളും ഉൾപ്പെടുന്നു. കൺവീനറായി വടകര എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പിൽ നിയമിതനായി.
പ്രകടനപത്രിക സമിതിയുടെ ചെയർമാനായി ബെന്നി ബെഹന്നാൻ, സഹ അധ്യക്ഷനായി കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും നിയമിച്ചു. യുവാക്കളെയും മുതിർന്ന നേതാക്കളെയും ഒരുമിച്ച് ഉൾപ്പെടുത്തിയ പ്രചാരണ സംവിധാനം തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ശക്തമായ മുന്നേറ്റം നൽകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
