തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കി. പാലാ നിയമസഭാ മണ്ഡലത്തിൽ ‘രണ്ടില’ ചിഹ്നത്തിൽ മത്സരിച്ച പത്ത് സ്ഥാനാർത്ഥികൾ കഴിഞ്ഞ തവണയും ഇത്തവണയും വിജയിച്ചുവെന്നത് പാർട്ടിയുടെ കരുത്തിന് തെളിവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പി.ജെ. ജോസഫിനെതിരെ രൂക്ഷമായ പരിഹാസമാണ് ജോസ് കെ. മാണി ഉയർത്തിയത്.

ജോസ് കെ. മാണിയുടെ പ്രധാന പരാമർശങ്ങൾ:
ജോസഫ് വിഭാഗത്തിനെതിരെ പരിഹാസം: പി.ജെ. ജോസഫിന്റേത് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ്. കോൺഗ്രസ് എന്തെങ്കിലും നൽകിയാൽ അത് വാങ്ങി ജീവിക്കുന്ന നിലപാടാണ് അവരുടേത്.
തൊടുപുഴയിലെ പ്രകടനം: പി.ജെ. ജോസഫ് വീമ്പ് പറയുന്ന തൊടുപുഴ മുനിസിപ്പാലിറ്റിയിൽ 36 വാർഡുകളിൽ മത്സരിച്ച അവർക്ക് വെറും മൂന്ന് സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. കഴിഞ്ഞ 30 വർഷമായി തൊടുപുഴയിൽ ജോസഫ് വിഭാഗത്തിന് ചെയർമാൻ സ്ഥാനം ലഭിച്ചിട്ടില്ല. എന്നാൽ ഇതേ കാലയളവിൽ മൂന്ന് തവണ കേരള കോൺഗ്രസ് (എം) പ്രതിനിധികൾ ചെയർമാൻ സ്ഥാനത്തെത്തി.
തിരഞ്ഞെടുപ്പ് അവലോകനം: സംഘടനാപരമായി ലഭിക്കേണ്ട വോട്ടുകൾ പാർട്ടിയ്ക്ക് ലഭിച്ചിട്ടുണ്ട്. എങ്കിലും തിരഞ്ഞെടുപ്പിലുണ്ടായ വീഴ്ചകളും വോട്ടുകളിലെ ഏറ്റക്കുറച്ചിലുകളും പാർട്ടി വിശദമായി പരിശോധിക്കും. ശബരിമല വിഷയം തിരിച്ചടിയായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
