തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവേശമുൾക്കൊള്ളാൻ മലയാള മനോരമ ഒരുക്കുന്ന പ്രത്യേക പേജിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പേര് തിരഞ്ഞെടുത്തു: ‘കലാവണ്ടർ!’ (Lavander). വേദികൾക്കെല്ലാം പൂക്കളുടെ പേര് നൽകിയ ഇത്തവണത്തെ കലോത്സവത്തിൽ, മനോരമയുടെ പേജും ലാവൻഡർ പുഷ്പത്തിന്റെ അഴകിൽ വായനക്കാരിലേക്ക് എത്തും.

പേര് തിരഞ്ഞെടുക്കാനുണ്ടായ രസകരമായ കാരണം മന്ത്രി തന്നെ വിശദീകരിച്ചു:
പൂക്കളുടെ ഉദ്യാനം: “കലകളുടെ കുഞ്ഞുപൂക്കൾ വിടരുന്ന ഉദ്യാനമാണ് കലോത്സവ വേദികൾ. ആ ചിന്തയോടെയാണ് ഇത്തവണ വേദികൾക്ക് പൂക്കളുടെ പേര് നൽകിയത്. മനോരമയുടെ പേജിനും ആ പൂമണമുള്ള പേര് തന്നെ വേണമെന്ന് തോന്നി.”
ലാവൻഡർ (Lavender) എന്ന പൂവിന്റെ പേരിനുള്ളിൽ ഒരു ‘വണ്ടർ’ (Wonder) ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത് കലയുടെ വിസ്മയമായ ‘കലാവണ്ടർ’ ആയി മാറുന്നു.വണ്ടർലാൻഡ്: കലോത്സവ വേദികൾ കുട്ടികളുടെയും കലാപ്രേമികളുടെയും വിസ്മയഭൂമിയായി (Wonderland) മാറുന്നു എന്ന സൂചനയും ഈ പേരിനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.തൃശൂരിന്റെ മണ്ണിൽ കലയുടെ പൂമണം നിറയുന്ന പൂരക്കാഴ്ചകൾ ഇനി ‘കലാവണ്ടറി’ലൂടെ വായനക്കാർക്ക് ആസ്വദിക്കാം.
