ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിലെ എല്ലാ തെരുവുനായകളെയും പ്രതിരോധ കുത്തിവയ്പിനും വന്ധ്യംകരണത്തിനും ശേഷം പിടികൂടിയ സ്ഥലങ്ങളിൽതന്നെ തുറന്നുവിടാൻ സുപ്രീം കോടതി നിർദേശം. തെരുവുനായകളെ പിടികൂടി അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്നുള്ള മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് മൂന്നംഗ ബെഞ്ചിന്റെ പുതിയ ഉത്തരവ്. പേവിഷബാധയുള്ളതും അക്രമകാരികളുമായ നായകളെ അഭയകേന്ദ്രങ്ങളിൽ തന്നെ താമസിപ്പിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. തെരുവുനായകൾക്ക് പൊതുവിടങ്ങളിൽ ഭക്ഷണം നൽകുന്നത് അനുവദനീയമല്ലെന്നും ബെഞ്ച് വ്യക്തമാക്കി. നായകൾക്ക് ഭക്ഷണം നൽകാൻ മുൻസിപ്പൽ വാർഡുകളിൽ പ്രത്യേക സ്ഥലങ്ങൾ ഒരുക്കണമെന്ന് അധികൃതർക്ക് കോടതി നിർദേശം നൽകി. നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് നെഹ്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് മുൻഉത്തരവ് പുനഃപരിശോധിച്ചത്. വിഷയം വിപുലീകരിക്കുകയും ദേശീയനയം രൂപവത് കരിക്കുന്നതിനായി സമാനവിഷയങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നും ബെഞ്ച് നിർദേശിച്ചു.
എത്രയുംവേഗം നായകളെ നഗരത്തിനു പുറത്തേക്ക് നീക്കണമെന്ന ഉത്തരവിനെതിരേ വ്യാപകമായ പ്രതിഷേധം ഉണ്ടായപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് വിഷയം മൂന്നംഗ ബെഞ്ചിനുവിട്ടത്. ഓഗസ്റ്റ് 11-ലെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹർജികൾ 14-നാണ് മൂന്നംഗ ബെഞ്ച് വാദം കേട്ടശേഷം വിധി പറയാൻ മാറ്റിയത്.
ഡൽഹി രാജ്യതലസ്ഥാന മേഖലയിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി നഗരത്തിനു പുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കാനായിരുന്നു കോടതി നേരത്തെ നൽകിയ നിർദേശം. ഇതിനായി എത്രയും വേഗം നടപടികളാരംഭിക്കണമെന്ന് ഡൽഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും ബന്ധപ്പെട്ട അധികൃതരോട് കോടതി ആവശ്യപ്പെട്ടിരുന്നു. തെരുവുനായകളെ പാർപ്പിക്കാൻ എട്ടാഴ്ചയ്ക്കകം പരിപാലനകേന്ദ്രങ്ങൾ തുടങ്ങണം. മൃഗസ്നേഹികളെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി തെരുവുനായകളെ നീക്കുന്നതിന് ആരെങ്കിലും തടസ്സം നിന്നാൽ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പു നൽകി.
