BREAKING NEWS


അമ്മയോട് പിണങ്ങി വീടിറങ്ങിയ യുവതിക്ക് നേരെ ഓടുന്ന വാഹനത്തിൽ ക്രൂര പീഡനം; രണ്ട് പ്രതികൾ പിടിയിൽ

By sanjaynambiar
poster

​ഗുഡ്ഗാവ്: ഫരീദാബാദിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 25-കാരിയെ ഓടുന്ന വാനിൽ വെച്ച് മൂന്ന് മണിക്കൂറോളം ക്രൂരമായി പീഡിപ്പിച്ച രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിൽ പരിക്കേറ്റ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

​തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് യുവതി അമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയത്. സുഹൃത്തിനെ കാണാൻ പോകുന്നതിനായി വാഹനങ്ങൾ കാത്തുനിന്നെങ്കിലും ഒന്നും ലഭിച്ചില്ല. അർദ്ധരാത്രിയോടെ അതുവഴി വന്ന വാനിലെ യാത്രക്കാർ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും യുവതി അതിൽ കയറുകയും ചെയ്തു.
​തുടർന്ന് വാഹനം വഴിമാറ്റി ഗുഡ്‌ഗാവ്-ഫരീദാബാദ് റോഡിലേക്ക് ഓടിച്ച പ്രതികൾ മൂന്ന് മണിക്കൂറോളം യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ യുവതിയെ എസ്.ജി.എം നഗറിന് സമീപം വാഹത്തിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു.

​വീഴ്ചയിൽ മുഖത്തിന് ആഴത്തിൽ പരിക്കേറ്റ യുവതി, അതിശൈത്യത്തെ അവഗണിച്ചു കൊണ്ട് സഹോദരിയെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. ബന്ധുക്കളെത്തി യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്ത് പന്ത്രണ്ടോളം തുന്നലുകളുണ്ട്. കോട്വാലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച തന്നെ രണ്ട് പ്രതികളെയും പൊലീസ് വലയിലാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *