BREAKING NEWS


അപമാനം താങ്ങാനാവുന്നില്ല; മുഖ്യമന്ത്രി നിഖാബ് വലിച്ചുതാഴ്ത്തിയ ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു

By sanjaynambiar
nitheesh kumar

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പരസ്യമായി അപമാനിച്ച മുസ്‌ലിം വനിതാ ഡോക്ടർ നുസ്രത് പർവീൺ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. നിയമന ഉത്തരവ് ലഭിച്ചെങ്കിലും, അനുഭവിക്കേണ്ടി വന്ന അപമാനഭാരം കാരണം ജോലിയിൽ പ്രവേശിക്കാനില്ലെന്ന നിലപാടിലാണ് ഇവർ. ഈ മാസം 20-ാം തീയതിയായിരുന്നു നുസ്രത് ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാൽ, തകർന്നുപോയ നുസ്രത്തിനെ ആശ്വസിപ്പിക്കാനും ജോലിയിൽ ചേരാൻ പ്രേരിപ്പിക്കാനുമുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങൾ.

​ഡിസംബർ 15-ന് നടന്ന ആയുഷ് ഡോക്ടർമാരുടെ നിയമനക്കത്ത് വിതരണ ചടങ്ങിലായിരുന്നു വിവാദ സംഭവം. വേദിയിൽ വെച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാർ ഡോക്ടറുടെ നിഖാബ് ബലമായി വലിച്ചുതാഴ്ത്താൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ചടങ്ങിലുണ്ടായിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പിന്മാറിയില്ല.

​സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. മനോനില തെറ്റിയ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ഉടൻ രാജിവെക്കണമെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ബിജെപി-ജെഡിയു സഖ്യത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് ആർജെഡി വക്താവ് ഇജാസ് അഹമ്മദ് ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *