BREAKING NEWS


സെൻസസ് വിജ്ഞാപനമിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടത്തിപ്പ് രണ്ട് ഘട്ടങ്ങളിലായി

By sanjaynambiar
the census is likely to begin in 2025 and may continue till 2026 281946595

ന്യൂഡൽഹി: സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജാതി സെൻസസും നടക്കും. 93 വർഷത്തിനു ശേഷമാണ് ഇന്ത്യയിൽ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2027 നെ അടിസ്ഥാന വർഷമായി കണക്കാക്കി കണക്കെടുപ്പും അനുബന്ധ നടപടികളും ആരംഭിക്കും. സെൻസസ് പ്രവർത്തനങ്ങൾ പൂര്‍ത്തിയാകാൻ കുറഞ്ഞത് മൂന്നു വർഷമെങ്കിലും വേണ്ടി വരാനിടയുണ്ട്. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് മഹാമാരിയുടെ പേരിലായിരുന്നു മാറ്റിവച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ആദ്യ ഘട്ടമായ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷനിൽ ഓരോ വീടിന്റെയും അടിസ്ഥാന വിവരങ്ങൾ ആസ്തികളും ലഭ്യമായ സൗകര്യങ്ങളും രേഖപ്പെടുത്തും. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ്. ഈ ഘട്ടത്തിൽ ഓരോ വീട്ടിലുമുള്ള അംഗങ്ങളുടെ എണ്ണം അവരുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടെ ശേഖരിക്കും.

ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ മഞ്ഞുമൂടിയ പ്രദേശങ്ങളിലെ സെൻസസ് നടപടികൾ 2026 ഒക്‌ടോബര്‍ 1ന് ആരംഭിക്കും. രാജ്യത്തെ മറ്റ് മേഖലകളിലേയ്ക്ക് സെൻസസ് നടപടികൾ 2027 മാർച്ച് 1 മുതൽ ആരംഭിക്കും.

സെൻസസ് പ്രവർത്തനങ്ങൾക്ക് ഏകദേശം 34 ലക്ഷം എന്യൂമറേറ്റർമാരെയും സൂപ്പർവൈസർമാരെയും കൂടാതെ 1.3 ലക്ഷം സെൻസസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. ഡാറ്റ സമാഹരണം, കൈമാറ്റം, സംഭരണം എന്നിവയെ ബന്ധപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നതിന് കർശന നടപടി ക്രമങ്ങൾ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തീരുമാനമെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *