ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കീഴ്‌ക്കോടതി ആവശ്യം തള്ളിയതിനെ തുടർന്ന് അവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പെൺമക്കൾക്ക് സ്വത്ത് തുല്യമായി വീതിക്കുന്നതിന് തടസമായിനിന്ന 1975ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം നിറുത്തലാക്കൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കേന്ദ്രനിയമത്തിനു മുന്നിൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ നിർണായക വിധി.
1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിലെ സെക്ഷൻ 3, 4 എന്നിവ 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമവുമായി ചേർന്നു പോകുന്നില്ല. സെക്ഷൻ 3 അനുസരിച്ച് പാരമ്പര്യ സ്വത്തിൽ ആർക്കും ജന്മാവകാശമില്ല എന്നു പറയുമ്പോൾ സെക്ഷൻ 4 പറയുന്നത് ഹിന്ദു അവിഭക്ത കുടുംബത്തിലുള്ളവർക്ക് സ്വത്ത് പങ്കിട്ട് കൂട്ടവകാശം ഉണ്ടായിരിക്കും എന്നാണ്. എന്നാൽ 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം എല്ലാ മക്കൾക്കും തുല്യാവകാശം ഉണ്ടായിരിക്കുമെന്നു പറയുന്നു. ഈ സാഹചര്യത്തിൽ 1975ലെ കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല എന്നും കോടതി വ്യക്തമാക്കി.
Tag: Daughters have equal right to inheritance; Crucial Order on Hindu Succession
