വാഷിങ്ടൺ: ബഹിരാകാശ യാത്രികയായ സുനിത വില്യംസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അധികകാലം തുടരേണ്ടിവന്ന സംഭവത്തിൽ പിഴവുണ്ടായെന്ന് NASA സമ്മതിച്ചു. എൻജിനീയറിംഗിലും നേതൃത്വത്തിലും വീഴ്ച സംഭവിച്ചതായി 311 പേജുള്ള അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തെ “ടൈപ്പ്-എ അപകടം” എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു.

2024 ജൂൺ വിക്ഷേപണത്തിന് പിന്നാലെ തന്നെ പ്രശ്നങ്ങൾ ആരംഭിച്ചു. പ്രൊപ്പൽഷൻ സിസ്റ്റത്തിൽ തകരാർ സംഭവിച്ചതോടെ ത്രസ്റ്ററുകൾ പ്രവർത്തനം നിർത്തുകയും ഹീലിയം ചോർച്ച വാഹനത്തിന്റെ സഞ്ചാരത്തെ ബാധിക്കുകയും ചെയ്തു. യാത്രികർ സുരക്ഷിതമായി നിലയത്തിലെത്തിയെങ്കിലും സാങ്കേതികമായി വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആദ്യമായി 8–10 ദിവസത്തെ ദൗത്യത്തിനായി എത്തിയ സുനിത വില്യംസും സഹയാത്രികനായ ബുച്ച് വിൽമോർവും ഭൂമിയിലേക്ക് മടങ്ങിയത് ഏകദേശം ഒൻപത് മാസം കഴിഞ്ഞാണ്. 2024 ജൂൺ 5ന് Boeingയുടെ മനുഷ്യസഹിത പരീക്ഷണ ദൗത്യത്തിലായിരുന്നു ഇവർ ബഹിരാകാശ നിലയത്തിലെത്തിയത്. നാസയുടെ കണക്കുകൾ പ്രകാരം സംഘം 900 മണിക്കൂർ ഗവേഷണ പ്രവർത്തനങ്ങളും 62 മണിക്കൂർ ബഹിരാകാശ നടത്തവും പൂർത്തിയാക്കി.
ഇത്തരത്തിലുള്ള പിശകുകൾ മുൻകാല ദുരന്തങ്ങളെ ഓർമിപ്പിക്കുന്നതാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സമാനമായ സാങ്കേതിക വീഴ്ചകൾ മൂലമാണ് ഇന്ത്യൻ വംശജയായ കൽപന ചൗള ഉൾപ്പെടെ ഏഴ് പേർ മരിച്ച കൊളംബിയ ദുരന്തം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
