ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ 95 റൺസിന് കാനഡയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി. മറുപടിയായി കാനഡ എട്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസിൽ ഒതുങ്ങി.

അഫ്‌ഗാനിന് വേണ്ടി ഇബ്രാഹിം സദ്രാൻ പുറത്താകാതെ 95 റൺസ് നേടി തിളങ്ങി. 56 പന്തിൽ അഞ്ച് സിക്സറും ഏഴ് ഫോറും ഉൾപ്പെട്ട ഇന്നിംഗ്സായിരുന്നു അത്. റഹ്മാനുള്ള ഗുർബാസ് (30), സദീഖുല്ലാഹ് (44) എന്നിവരും മികച്ച പിന്തുണ നൽകി. കാനഡയ്ക്കായി ജസ്‌കരൺ സിങ് മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ ഹർഷ് താക്കർ 30 റൺസും സാദ് ബിൻ സഫർ 28 റൺസും നേടി. അഫ്‌ഗാനിന് വേണ്ടി മുഹമ്മദ് നബി നാല് വിക്കറ്റ് നേടി.
അതേസമയം ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ സിംബാബ്‌വെ ആറ് വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി. പതും നിസ്സങ്കയുടെ 62 റൺസാണ് ലങ്കയെ ശക്തമായ സ്കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗിൽ 19.3 ഓവറിൽ സിംബാബ്‌വെ ലക്ഷ്യം മറികടന്നു. ബ്രയാൻ ബെന്നറ്റ് പുറത്താകാതെ 63 റൺസ് നേടി ടോപ് സ്‌കോററായപ്പോൾ, സിക്കന്ദർ റാസയുടെ 45 റൺസ് വിജയത്തിൽ നിർണായകമായി. സൂപ്പർ എട്ടിൽ ഇന്ത്യ ഉൾപ്പെട്ട ഗ്രൂപ്പ് ഒന്നിലാണ് സിംബാബ്‌വെ ഇടംപിടിച്ചത്. വെസ്റ്റ് ഇൻഡീസ്യും ദക്ഷിണാഫ്രിക്കയും ഗ്രൂപ്പിലെ മറ്റു ടീമുകളാണ്.
