പാലക്കാട്: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച നടപടിയിൽ വിവാദത്തിലായ മലബാർ ഡിസ്റ്റിലറീസിനെ അനുകൂലിച്ച് എക്സൈസ് കമ്മിഷണർ എം.ആർ. അജിത്കുമാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പുതിയ ബ്രാൻഡിനുള്ള ലൈസൻസ് നൽകിയതിന് മുൻപ് നിർദേശങ്ങൾ ക്ഷണിച്ചതിൽ നിയമലംഘനമില്ലെന്നാണ് വിശദീകരണം.നിലവിലുള്ള ലഹരി ഉൽപ്പന്നങ്ങളുടെ ഉപഭോഗം അല്ലെങ്കിൽ വിൽപ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ മാത്രമാണ് നിയമവിരുദ്ധമാകുക; ആരോപിക്കപ്പെട്ട പരസ്യത്തിൽ പുതിയ മദ്യത്തിന്റെ പേരോ ലേബലോ കുപ്പിയോ പ്രദർശിപ്പിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കഴിഞ്ഞ ആഴ്ച പേരിടൽ മത്സരവുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് കേരള ഹൈക്കോടതി സ്റ്റേ നൽകിയിരുന്നു. പുതിയ ബ്രാൻഡിയുടെ പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്ന് പറഞ്ഞ പരസ്യം വിവാദമായതിനെ തുടർന്ന് വിഷയം കോടതിയിലെത്തി. അതേസമയം ഇത്തരത്തിലുള്ള ബ്രാൻഡി നിർമ്മിക്കുന്നില്ലെന്നും പേരും ലോഗോയും ക്ഷണിച്ച വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്നും ബിവറേജ്സ് കോർപറേഷൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
