BREAKING NEWS


“2014ലേക്ക് തിരികെ പോയാൽ പ്രധാനമന്ത്രിയെ മാറ്റും” — നടൻ കിഷോറിന്റെ പരാമർശം ശ്രദ്ധ നേടുന്നു

By sanjaynambiar
IMG kishore 03.jpg 5 1 KLAFBJS7

2014ലേക്ക് തിരികെ പോയാൽ പ്രധാനമന്ത്രിയെ മാറ്റും” — നടൻ കിഷോറിന്റെ പരാമർശം ശ്രദ്ധ നേടുന്നു
കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടൻ കിഷോർ, പിന്നീട് തമിഴിലും മലയാളത്തിലും നിരവധി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച താരമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മെല്ലിസൈ’ റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് നടൻ നടത്തിയ ഒരു അഭിമുഖ പരാമർശം ശ്രദ്ധ നേടുന്നത്.


ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ, “ജീവിതത്തിൽ പിന്നിലേക്ക് പോയി എന്തെങ്കിലും മാറ്റാൻ അവസരം ലഭിച്ചാൽ എന്ത് ചെയ്യും?” എന്ന ചോദ്യത്തിനായിരുന്നു കിഷോറിന്റെ പ്രതികരണം. “നേരെ 2014ലേക്ക് പോയി നമ്മുടെ പ്രധാനമന്ത്രിയെ ആ സ്ഥാനത്ത് നിന്ന് മാറ്റും. അതാണ് എന്റെ ആദ്യ ലക്ഷ്യം” എന്നാണ് മറുപടി നൽകിയത്.
താൻ പറഞ്ഞത് എഡിറ്റ് ചെയ്യാതെ നൽകുമോയെന്ന സംശയം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു കിഷോറിന്റെ പ്രതികരണം. ഇന്ത്യ ഇന്ന് കാണുന്നതിൽ നിന്ന് വ്യത്യസ്തമായിരിക്കുമായിരുന്നു എന്നും, ഇപ്പോൾ സമൂഹത്തിൽ വർധിച്ചുവരുന്ന വിദ്വേഷത്തിന്റെ അളവ് വലിയ അപകടത്തിലേക്കാണ് നയിക്കുന്നതെന്നും നടൻ പറഞ്ഞു. ഇങ്ങനെ മുന്നോട്ടുപോയാൽ ഈ അവസ്ഥ തിരുത്താൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


തങ്ങൾ ഇപ്പോൾ ചെയ്ത ‘മെല്ലിസൈ’ എന്ന ചിത്രം മനുഷ്യർക്കിടയിലെ സ്‌നേഹത്തെക്കുറിച്ചാണെന്നും, സ്‌നേഹം എല്ലാകാലത്തും അനിവാര്യമാണെന്ന സന്ദേശമാണ് സിനിമ നൽകുന്നതെന്നും കിഷോർ പറഞ്ഞു. അതേസമയം, വെറുപ്പിനെ നിക്ഷേപമാക്കി അധികാരത്തിലെത്തുന്ന പ്രവണത മനുഷ്യർക്കും സമൂഹത്തിനും വലിയ അപകടമാണെന്നും, ആ വെറുപ്പ് ഒരു പ്രത്യേക വിഭാഗത്തോടെയായാലും ഒരു രാജ്യത്തോടെയായാലും അതിന്റെ ഫലങ്ങൾ ഗുരുതരമാണെന്നും നടൻ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *