ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാര കരാറിന്റെ സംയുക്ത പ്രസ്താവന അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ പുറത്തിറങ്ങും. കരാറിന്റെ വ്യവസ്ഥകളെ സംബന്ധിച്ച അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഈ നീക്കം. വിപുലമായ ഉഭയകക്ഷി കരാറിന്റെ നിയമപരമായ ചട്ടക്കൂടും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. കരാറിന്റെ പ്രധാന ഭാഗങ്ങൾ തയ്യാറായതായും വരും ദിവസങ്ങളിൽ പ്രസ്താവന പുറത്തിറക്കുമെന്നും കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. കരാർ യാഥാർത്ഥ്യമാകുന്നതോടെ നിലവിൽ ഇന്ത്യ നേരിടുന്ന ഭാരമേറിയ ഇറക്കുമതി തീരുവകളിൽ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 25% തീരുവയാണ് ചുമത്തുന്നത്. കൂടാതെ റഷ്യൻ എണ്ണ വാങ്ങുന്നതിലെ നിയന്ത്രണങ്ങളുടെ ഭാഗമായി മറ്റൊരു 25% കൂടി ചേർത്ത് ആകെ 50% തീരുവയാണ് ഇന്ത്യ നൽകേണ്ടി വരുന്നത്. കരാർ നിലവിൽ വരുന്നതോടെ ഇത് 18 ശതമാനമായി കുറയും. ഇറക്കുമതി വർദ്ധനഊർജ്ജ, സാങ്കേതിക മേഖലകളിൽ ഏകദേശം 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യയുടെ അതിവേഗ വളർച്ച കണക്കിലെടുത്ത് ഡേറ്റ സെന്ററുകൾക്കും ഐടി മേഖലയ്ക്കും ആവശ്യമായ ഉപകരണങ്ങൾക്ക് ഭാവിയിൽ വലിയ ഡിമാൻഡ് ഉണ്ടാകുമെന്ന് പീയുഷ് ഗോയൽ ഇതിനോട് പ്രതികരിച്ചു.
മാർച്ച് പകുതിയോടെ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെക്കും. സംയുക്ത പ്രസ്താവനയെ ഔദ്യോഗിക നിയമപരമായ കരാറാക്കി മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ വ്യക്തമാക്കി. കരാർ പ്രാബല്യത്തിൽ വരുന്നതോടെ വാണിജ്യ മേഖലയിൽ ഇന്ത്യയ്ക്ക് കൂടുതൽ ഇളവുകൾ ലഭിക്കുമെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

