പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ അയൽവാസിയുടെ ക്രൂരമായ ആസിഡ് ആക്രമണം. മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിക്ക് (14) നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അയൽവാസി വേട്ടറമ്മൽ രാജു ജോസിനെ (55) പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

അക്രമം: വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പെൺകുട്ടി സ്‌കൂൾ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയായിരുന്നു സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി കുട്ടിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
മുഖത്ത് സാരമായി പൊള്ളലേറ്റ മഹാലക്ഷ്മിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രമണത്തിൽ കുട്ടിയുടെ കാഴ്ചശക്തിക്ക് തകരാർ സംഭവിച്ചതായി ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
വിചിത്രമായ മൊഴി: സ്റ്റുഡന്റ് പോലീസ് കേഡറ്റായ (SPC) പെൺകുട്ടിയോട് യൂണിഫോം ചോദിച്ചിട്ട് നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.വേലിയമ്പം ദേവി വിലാസം ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് മഹാലക്ഷ്മി. പ്രതിയായ രാജു ജോസിന് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നുണ്ടെന്നും, ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് വിശദമായി അന്വേഷിച്ചു വരികയാണെന്നും പുൽപ്പള്ളി പോലീസ് അറിയിച്ചു.
