ഹൈദരാബാദ്: തെലങ്കാനയിലെ വിവിധ ഗ്രാമങ്ങളിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഹനംകോണ്ട, കാമറെഡ്ഡി ജില്ലകളിലെ ഏഴ് ഗ്രാമമുഖ്യന്മാർ (സർപഞ്ച്) ഉൾപ്പെടെ 15 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം 500-ഓളം നായ്ക്കളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.

ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വിവാദമായ ഒരു വാഗ്ദാനമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗ്രാമങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് പല സ്ഥാനാർത്ഥികളും വോട്ടർമാർക്ക് ഉറപ്പുനൽകിയിരുന്നു. ഈ വാഗ്ദാനം പാലിക്കാനായി ജനുവരി ആദ്യവാരം മുതൽ സംഘടിതമായി നായ്ക്കളെ കൊന്നൊടുക്കുകയായിരുന്നു.
നായ്ക്കൾക്ക് വിഷം കുത്തിവെയ്ക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് മൃഗസ്നേഹികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.കുഴിച്ചുമൂടിയ നായ്ക്കളുടെ ജഡങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.
