മുംബൈ: ക്രിക്കറ്റ് ബാറ്റ് എന്നത് ഒരു സ്വപ്നം മാത്രമായിരുന്ന കാലം, കളിമുറ്റത്തെ ആവേശം തെങ്ങിൻ മടലിലൊതുക്കിയ ഒരു തലമുറയുടെ പ്രതിനിധിയായി ഇന്ന് മലയാളി താരം സജന സജീവൻ. വനിതാ പ്രീമിയർ ലീഗിൽ (WPL) മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബാറ്ററായ സജന, തന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ തുടക്കകാലത്തെ വൈകാരികമായ ഓർമ്മകൾ പങ്കുവെച്ചതാണ് ഇപ്പോൾ കായികലോകത്ത് ചർച്ചയാകുന്നത്.
മുംബൈ ഇന്ത്യൻസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ വേദിയിലേക്ക് ഒരു തെങ്ങിൻ മടൽ തന്നെ കൊണ്ടുവന്നാണ് സജന തന്റെ കുട്ടിക്കാലം വിവരിച്ചത്.
”ഇതായിരുന്നു എന്റെ ആദ്യത്തെ ബാറ്റ്. കേരളത്തിൽ ഞങ്ങൾ പണ്ട് ക്രിക്കറ്റ് കളിക്കാൻ ഇത്തരം മടലുകൾ കൊണ്ടാണ് ബാറ്റ് നിർമ്മിച്ചിരുന്നത്. എന്റെ നാട്ടിൽ ക്രിക്കറ്റ് കളിച്ചിരുന്ന ഏക പെൺകുട്ടി ഞാനായിരുന്നു. അതുകൊണ്ടുതന്നെ എന്നും ആൺകുട്ടികൾക്കൊപ്പമായിരുന്നു എന്റെ കളി.” – സജന പറഞ്ഞു.
ഒരു സാധാരണ കുടുംബത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെ ലോകോത്തര ക്രിക്കറ്റ് വേദികളിലേക്ക് എത്തിയ സജനയുടെ വാക്കുകൾ വേദിയിലുണ്ടായിരുന്നവരെയും ആരാധകരെയും ഒരുപോലെ വിസ്മയിപ്പിച്ചു.

മുംബൈയുടെ വിശ്വസ്ത; 75 ലക്ഷത്തിന്റെ മൂല്യം
ഇത്തവണത്തെ ലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സജനയെ ടീമിലെത്തിച്ചത്. ഓൾറൗണ്ടറായ താരം ആ വിശ്വാസം കാത്തുസൂക്ഷിക്കുന്ന പ്രകടനമാണ് മൈതാനത്ത് കാഴ്ചവെക്കുന്നത്.
ആർ.സി.ബി.ക്കെതിരെയുള്ള ഉദ്ഘാടന മത്സരത്തിൽ മുംബൈ ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ ആറാമതായി ഇറങ്ങിയ സജന വെടിക്കെട്ട് പ്രകടനം നടത്തി.
25 പന്തിൽ നിന്നും 45 റൺസ് നേടി ടീമിന്റെ ടോപ് സ്കോററാകാനും സജനയ്ക്ക് സാധിച്ചു.
പ്രതീക്ഷയോടെ കേരളം.വലംകൈയ്യൻ ബാറ്ററായും ഓഫ് സ്പിന്നറായും തിളങ്ങുന്ന സജന സജീവൻ ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ തന്നെ ഭാവി വാഗ്ദാനമായാണ് വിലയിരുത്തപ്പെടുന്നത്. വയനാട്ടിലെ മണിവയലിൽ നിന്നും മുംബൈയിലെ തിളക്കമാർന്ന മൈതാനങ്ങളിലേക്കുള്ള സജനയുടെ ഈ യാത്ര ഒരുപാട് കൊച്ചു പെൺകുട്ടികൾക്ക് സ്വപ്നം കാണാനുള്ള ഊർജ്ജമായി മാറുകയാണ്.
