തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സമരവേദിയിൽ നിന്നുള്ള രണ്ട് ചിത്രങ്ങളാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത് നടന്ന സത്യഗ്രഹ സമരത്തിനിടയിൽ പകർത്തിയ ഈ ചിത്രങ്ങൾ വെറുമൊരു ദൃശ്യത്തിനപ്പുറം വലിയൊരു രാഷ്ട്രീയ സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ പടർത്തുന്നത്.
സമരവേദിയിൽ മുഖ്യമന്ത്രി വെള്ളം കുടിക്കാനുപയോഗിച്ച കപ്പിൽ ആലേഖനം ചെയ്തിരുന്ന വരികളാണ് ശ്രദ്ധാകേന്ദ്രം. ‘Love you to moon and back’ എന്നായിരുന്നു ആ വാചകം. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിൽ പരാതിയുമായി രംഗത്തെത്തിയ ആദ്യ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ഹൃദയസ്പർശിയായ വരികളാണിവ. നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയായ ആ സ്ത്രീ, തന്നിൽ നിന്നും പറിച്ചുമാറ്റപ്പെട്ട ജീവനെ ഓർത്ത് കുറിച്ച വാക്കുകൾ മുഖ്യമന്ത്രിയുടെ കൈകളിലെ കപ്പിൽ തെളിഞ്ഞത് അതിജീവിതയോടുള്ള ഐക്യപ്പെടലായി വിലയിരുത്തപ്പെടുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എന്ന രാഷ്ട്രീയ നേതാവ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ഇത്തരം വരികൾ ആലേഖനം ചെയ്ത കപ്പ് മുഖ്യമന്ത്രി സമരവേദിയിൽ ഉപയോഗിച്ചത് കൃത്യമായ സന്ദേശമാണ് നൽകുന്നത്. ഈ സർക്കാർ അതിജീവിതമാർക്കൊപ്പമാണെന്ന് അടിവരയിടുന്ന കാഴ്ചയാണിത്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിലും അതിജീവിതയെ നേരിട്ട് കണ്ട് സർക്കാർ പിന്തുണ ഉറപ്പാക്കിയ മുഖ്യമന്ത്രിയുടെ നടപടികൾ ഇതിനോട് കൂട്ടി വായിക്കപ്പെടുന്നു.”ആ കപ്പിലെ വാചകങ്ങൾക്ക് തന്റെ ഉള്ളിൽ നിന്ന് അടർത്തിമാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ടെന്നാണ് അതിജീവിത പ്രതികരിച്ചത്.”

ബിജെപി സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരായ സമരമുഖത്താണ് മുഖ്യമന്ത്രി ഇത്രയും വലിയൊരു മാനവിക സന്ദേശം മുന്നോട്ടുവെച്ചതെന്നത് ശ്രദ്ധേയമാണ്. പ്രതിക്കൂട്ടിലായ രാഷ്ട്രീയക്കാരനെ സംരക്ഷിക്കാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ, ഇരയാക്കപ്പെട്ട സ്ത്രീക്ക് കരുത്ത് പകരാൻ മുഖ്യമന്ത്രി തയ്യാറായത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.മാങ്കൂട്ടത്തിൽമാരുടെ സ്ഥാനം അഴിക്കുള്ളിലാണെന്ന് പറയാൻ ഇടതുസർക്കാരിനെ കഴിയുകയുള്ളൂവെന്ന ഉറച്ച നിലപാടാണ് ഈ ചിത്രങ്ങളിലൂടെ പുറത്തുവരുന്നത്. “Love you to moon and back” എന്ന വാചകം ഇപ്പോൾ മുഖ്യമന്ത്രിയോടുള്ള കേരളത്തിന്റെ സ്നേഹപ്രകടനമായി സോഷ്യൽ മീഡിയയിൽ മാറിക്കഴിഞ്ഞു.
