വഡോദര: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായി വഡോദരയിലെത്തിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു ‘അപകടം’ ഒഴിവായി. വെള്ളിയാഴ്ച വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വരുമ്പോഴായിരുന്നു സംഭവം.
വിമാനത്താവളത്തിന് പുറത്ത് താരങ്ങളെ കാണാനും ഓട്ടോഗ്രാഫിനുമായി നിരവധി ആരാധകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ഒരു ആരാധികയുടെ കയ്യിലിരുന്ന പോമറേനിയൻ ഇനത്തിൽപ്പെട്ട നായയെ കണ്ട ശ്രേയസ് അതിനെ തലോടാനായി കൈ നീട്ടി. എന്നാൽ പെട്ടെന്ന് പ്രകോപിതനായ നായ താരത്തിന്റെ കയ്യിൽ കടിക്കാൻ ആഞ്ഞു. സെക്കന്റുകളുടെ വ്യത്യാസത്തിൽ കൈ പിൻവലിച്ചതുകൊണ്ടാണ് ശ്രേയസ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ് രണ്ട് മാസത്തോളം വിശ്രമത്തിലായിരുന്ന ശ്രേയസ് അയ്യർ ഈ പരമ്പരയിലൂടെയാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്. പരിക്കിൽ നിന്ന് മുക്തനായി എത്തിയ താരത്തിന് കടിയേറ്റിരുന്നെങ്കിൽ അത് ടീമിനും താരത്തിനും വലിയ തിരിച്ചടിയാകുമായിരുന്നു. നിലവിൽ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയാണ് ശ്രേയസ്.
