തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഘടന മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ എതിർപ്പുകളും അവഗണിച്ച് ലോക്‌സഭയിൽ ബിൽ പാസാക്കിയ നടപടി നീതീകരണമില്ലാത്ത ജനവിരുദ്ധതയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഘപരിവാർ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ കർഷകരെയും കർഷകത്തൊഴിലാളികളെയും പരസ്യമായി വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും ഭയക്കുന്നു
പദ്ധതിയുടെ പേരും ഘടനയും മാറ്റാനുള്ള നീക്കം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും ഭയപ്പെടുന്ന സംഘപരിവാർ അജണ്ടയാണ് ഇതിന് പിന്നിൽ. പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
സംസ്ഥാനങ്ങൾക്ക് മേൽ സാമ്പത്തിക ബാധ്യത
സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ ഒളിച്ചോടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ നിയമ ഭേദഗതിയിലൂടെ വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണിതെന്നും ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ ഏക ഉപജീവനമാർഗ്ഗത്തെ തകർക്കുന്ന നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
