കൊച്ചി: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കർട്ടൻ റെയ്‌സറായി കണക്കാക്കുന്ന നിർണായകമായ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലായി സജ്ജീകരിച്ച 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടുകൾ എണ്ണുന്നത്.രാവിലെ എട്ട് മണിക്ക് പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കൊണ്ടാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

തെരഞ്ഞെടുപ്പ് വിവരങ്ങൾ:
രണ്ട് ഘട്ടങ്ങളായി നടന്ന ഈ തെരഞ്ഞെടുപ്പിൽ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 നഗരസഭകളിലെ 3,205 വാർഡുകൾ, 6 കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിങ്ങനെ ആകെ 23,576 തദ്ദേശ വാർഡുകളിലേക്കാണ് മത്സരം നടന്നത്.
പോളിംഗ് ശതമാനം:
ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 73.68 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് 75.95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചത്.
ഒന്നാം ഘട്ടം: ഡിസംബർ 9-ന് നടന്ന തെരഞ്ഞെടുപ്പിൽ 70.9 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ)
രണ്ടാം ഘട്ടം: ഡിസംബർ 11-ന് നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 76.08 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ)
വയനാട് മുന്നിൽ:
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെ 6,47,378 വോട്ടർമാരിൽ 5,06,823 പേർ വോട്ട് രേഖപ്പെടുത്തി.
