ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കാർത്തി നായകനായ സൂപ്പർ ഹിറ്റ് ആക്ഷൻ ചിത്രം ‘കൈതി’ (Kaithi)യുടെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ (LCU) ആദ്യ ചിത്രമായ ‘കൈതി’ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എങ്ങും നിറഞ്ഞുനിൽക്കുന്ന ‘കൈതി 2’ ചർച്ചകൾക്കിടയിൽ, ചിത്രത്തെക്കുറിച്ച് നായകൻ കാർത്തി നടത്തിയ പ്രതികരണമാണ് ആരാധകരെ ആശങ്കയിലാക്കിയിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ ‘വാ വാതിയാർ’ (Va Vaathiyaar) ന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് ‘കൈതി 2’ നെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല എന്ന് കാർത്തി വെളിപ്പെടുത്തിയത്. കാർത്തിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. “ലോകേഷിന് എന്തുപറ്റി? ഇനി ‘കൈതി 2’ ഉണ്ടാകുമോ?” എന്ന സംശയങ്ങളാണ് ആരാധകർ പ്രധാനമായും ഉന്നയിക്കുന്നത്. നിലവിലുള്ള പ്രോജക്റ്റുകൾ വേഗം പൂർത്തിയാക്കി ലോകേഷ് ‘കൈതി 2’ വിലേക്ക് തിരികെ വരണമെന്നും പലരും എക്‌സിലൂടെ ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ, രജനികാന്ത് ചിത്രം ‘കൂലി’ക്ക് ശേഷം ‘കൈതി 2’ ആരംഭിക്കുമെന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു അപ്ഡേറ്റും ലഭിച്ചിരുന്നില്ല. ചിത്രം ഉപേക്ഷിച്ചതായി ചില പേജുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിഫലത്തെച്ചൊല്ലിയുള്ള ചർച്ചകളാണ് ‘കൈതി 2’ വൈകാൻ കാരണമെന്നും മറ്റൊരു വാദമുണ്ട്.
അതിനിടെ, ലോകേഷ് കനകരാജ് നടനായും സംവിധായകനായും ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തുകയാണ്. അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ‘ഡിസി’ (DC) എന്ന ആക്ഷൻ ചിത്രത്തിൽ ലോകേഷ് നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ഒരു തീവ്രമായ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് ടീസർ സൂചന നൽകുന്നു. രക്തത്തിൽ കുളിച്ചുവരുന്ന ലോകേഷിനെയും വാമിക ഗബ്ബിയെയുമാണ് ടീസറിൽ കാണുന്നത്.സംഗീതം: അനിരുദ്ധ്,നിർമ്മാണം: കലാനിധി മാരൻ (സൺ പിക്ചേഴ്സ്)ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജനുവരിയോടെ ചിത്രീകരണം പൂർത്തിയാകും. സിനിമയ്ക്കായി ലോകേഷ് മാർഷൽ ആർട്സ് പരിശീലിക്കുന്നു എന്ന വാർത്തയും നേരത്തെ പുറത്തുവന്നിരുന്നു. 2026 സമ്മറിൽ ‘ഡിസി’ റിലീസ് ചെയ്യും. ഈ ചിത്രത്തിന് ശേഷമാകും ‘കൈതി 2’ ആരംഭിക്കുക എന്നാണ് നിലവിലെ റിപ്പോർട്ടുകൾ
