കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോർന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി. ഒന്നാംപ്രതി പൾസർ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ഊമക്കത്തിന്റെ പകർപ്പ് അടക്കമാണ് അസോസിയേഷൻ പ്രസിഡന്റിന്റെ പരാതി.

ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന സന്ദേശം ഡിസംബർ രണ്ടിന് തനിക്ക് ലഭിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഡിസംബർ എട്ടിനാണ് നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ചത്. വിചാരണക്കോടതി ജഡ്ജി ഹണി എം വർഗ്ഗീസ് സുഹൃത്തായ ഷേർളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ദിലീപിന്റെ സുഹൃത്തും പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചുവെന്നും ഊമക്കത്തിൽ പരാമർശിക്കുന്നതായി പരാതിയിൽ പറയുന്നു.
ആക്ഷേപം വിജിലൻസ് രജിസ്ട്രാറോ മറ്റൊരു ഏജൻസിയോ അന്വേഷിക്കണമെന്നും പരാതിയിലൂടെ യശ്വന്ത് ഷേണായി ആവശ്യപ്പെടുന്നു. ഊമക്കത്ത് വിധിയുടെ രഹസ്യാത്മകത തകർക്കുന്നതാണെന്നും ജുഡീഷ്യറിയുടെ സൽപ്പേരും അഖണ്ഡതയും തകർക്കുന്നതാണെന്നും യശ്വന്ത് ഷേണായി ചൂണ്ടിക്കാട്ടി.ഡിസംബർ 8 ന് വിധി പറയുന്ന കേസിൽ ഏഴാം പ്രതി ചാർളി തോമസ്, എട്ടാം പ്രതി ദിലീപ്,സ ഒമ്പതാം പ്രതി സനിൽ കുമാർ എന്നിവരെ ഒഴിവാക്കി ആറ് പ്രതിക്കെതിരെയാണ് ശിക്ഷ വിധിക്കാൻ പോകുന്നതെന്ന് ഊമക്കത്തിൽ പറയുന്നുണ്ട്. തന്റെ സ്വന്തം അടുപ്പക്കാരിയായ ഷേർളിയെക്കൊണ്ട് ജഡ്ജ്മെന്റ് തയ്യാറാക്കി ഹണി എം വർഗീസ് എട്ടാം പ്രതിയുടെ സന്തത സഹചാരിയായ ഹോട്ടൽ ബിസ്സിനസുകാരനായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചു.
ഹണി വർഗ്ഗീസിനെ കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷാതാഖ്, ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, എറണാകുളം ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് രാജ വിജയരാഘവൻ എന്നിവരുടെ അനുഗ്രഹം എല്ലാ കാര്യത്തിലുമുണ്ട്. ആയതുകൊണ്ടാണ് ഇത്തരത്തിൽ നീതിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾക്ക് ഹണി വർഗ്ഗീസിനെ പ്രേരിപ്പിക്കുന്നത്. ഈ കാര്യം സമൂഹ മനഃസാക്ഷിയുടെ മുമ്പിൽകൊണ്ടുവരുന്നതിനുവേണ്ടിയാണ് ഈ കത്ത് അയക്കുന്നതെന്നുമാണ് ഉള്ളടക്കം. . ‘ഇന്ത്യൻ പൗരൻ’ എന്ന പേരിലെഴുതിയ ഈ ഊമക്കത്തും ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിന് അയച്ച കത്തിനൊപ്പം ചേർത്തിട്ടുണ്ട്.
