വാഷിങ്ടൺ ഡിസി: അമേരിക്കൻ ഐക്യനാടുകൾ ആതിഥേയത്വം വഹിക്കുന്ന അടുത്ത വർഷത്തെ ഫുട്ബോൾ ലോകകപ്പിനായുള്ള ഗ്രൂപ്പ് ഘട്ടം നിർണയിച്ചു. നിലവിലെ ലോകകിരീട ജേതാക്കളായ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ താരതമ്യേന എളുപ്പമുള്ള എതിരാളികളെയാണ് നേരിടേണ്ടി വരിക. ക്യാപ്റ്റൻ ലയണൽ മെസ്സി നയിക്കുന്ന നീലയും വെള്ളയും ജേഴ്‌സിയണിഞ്ഞ സംഘം ഗ്രൂപ്പ് ജെ-യിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നീ ടീമുകൾക്കെതിരെ ബൂട്ടണിയും.

എന്നാൽ, അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന് ഗ്രൂപ്പ് ഘട്ടം അത്ര എളുപ്പമാവില്ല. ശക്തരായ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലാന്റ് എന്നിവരടങ്ങിയ ഗ്രൂപ്പ് സി-യിലാണ് മഞ്ഞപ്പടയുടെ സ്ഥാനം.
വാഷിങ്ടണിലെ കെന്നഡി സെന്ററിൽ ഇന്നലെ നടന്ന ആവേശകരമായ നറുക്കെടുപ്പിലാണ് 42 ടീമുകളുടെ വിധി നിർണയിച്ചത്. ഈ ടീമുകളെ 12 ഗ്രൂപ്പുകളായി വിഭജിച്ചു. ഫിഫ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ടീമുകളെ നാല് പോട്ടുകളായി തിരിച്ചാണ് ഗ്രൂപ്പുകൾ തീരുമാനിച്ചത്.
പ്രധാന നിയമങ്ങൾ:
ഒരു ഗ്രൂപ്പിൽ യൂറോപ്പ് ഒഴികെയുള്ള ഒരേ കോൺഫെഡറേഷനിലെ ഒന്നിലധികം ടീമുകൾ ഉണ്ടാകരുത് എന്ന നിയമം കൃത്യമായി പാലിച്ചു.
യൂറോപ്യൻ ടീമുകൾക്ക് മാത്രം ഒരു ഗ്രൂപ്പിൽ പരമാവധി രണ്ട് ടീമുകൾ വരെ ഉണ്ടാവാം.
നിലവിൽ 42 ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചപ്പോൾ, യൂറോപ്യൻ പ്ലേഓഫുകളും ഇൻറർ-കോണ്ടിനെന്റൽ പ്ലേഓഫുകളും വിജയിച്ചെത്തുന്ന ആറ് ടീമുകൾ കൂടി ടൂർണമെന്റിൽ മാറ്റുരയ്ക്കാൻ ഇനിയുണ്ട്.
