
ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ദൃഢമായ സൗഹൃദം ഭാവിയിൽ ആഗോള വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ ഇരു രാജ്യങ്ങളെയും സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ സന്ദർശിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനൊപ്പമുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പരാമർശങ്ങൾ.
”വരും കാലങ്ങളിൽ നമ്മുടെ സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാൻ നമ്മെ പൂർണ്ണമായും സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് നമ്മുടെ ഭാവിയെ കൂടുതൽ ശക്തിപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്യുക,” റഷ്യൻ പ്രസിഡൻ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഭീകരതയുടെ വേരുകൾ ഒന്ന്
ഭീകരാക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് ആവർത്തിച്ച പ്രധാനമന്ത്രി, അടുത്തിടെ നടന്ന സംഭവങ്ങളെ ചൂണ്ടിക്കാട്ടി. “പഹൽഗാമിലെ ഭീകരാക്രമണമായാലും ക്രോക്കസ് സിറ്റി ഹാളിന് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണമായാലും, ഇത്തരം എല്ലാ പ്രവൃത്തികൾക്കും ഒരേ വേരുകളാണ് ഉള്ളത്,” അദ്ദേഹം പറഞ്ഞു. ഭീകരവാദം മാനവികതയുടെ മൂല്യങ്ങൾക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. ഇതിനെതിരായ ആഗോള ഐക്യമാണ് ഏറ്റവും വലിയ ശക്തിയെന്നും ഇന്ത്യ വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വാണിജ്യ സഹകരണം ശക്തിപ്പെടുത്തും
ഇന്ത്യ-റഷ്യൻ വ്യവസായങ്ങൾ തമ്മിലുള്ള സംയുക്ത ഉത്പാദനവും നൂതന സംരംഭങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായിരിക്കും ഇന്ത്യ-റഷ്യ ബിസിനസ് ഫോറം എന്നും അതിൽ ഇന്ത്യ സജീവമായി പങ്കെടുക്കുമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു.
