എറണാകുളം: കൊച്ചി മരട് തീരദേശ റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികൾ പുരോഗമിക്കുന്നതിനിടെ നെട്ടൂരിൽ മണ്ണുമാറ്റിയപ്പോൾ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തി.

നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ജംഗ്ഷൻ മുതൽ നെട്ടൂർ മേൽപ്പാലം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് കുഴിച്ചപ്പോഴാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറത്തുവന്നത്. ഭൂമിയിൽ നിന്ന് ഏകദേശം ഏഴ് അടിയോളം താഴ്ചയിൽ നിന്നാണ് പഴയ മണ്ണ് നീക്കം ചെയ്തത്.
പുറത്തെടുത്ത അവശിഷ്ടങ്ങളിൽ പ്ലാസ്റ്റിക്, തുണി, തെർമോകോൾ, ലെതർ തുടങ്ങിയവ ഉൾപ്പെടുന്ന വിവിധതരം മാലിന്യങ്ങളാണ് കണ്ടെത്തിയത്. പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ ഇത്രയധികം മാലിന്യം കണ്ടെത്തിയത് ആശങ്ക ഉയർത്തുന്നുണ്ട്.
