BREAKING NEWS


ഇന്ത്യ ചൈന അതിർത്തി തർക്കം; ജാഗ്രത തുടരും

By sanjaynambiar
India China 1

ന്യൂഡൽഹി: ഇന്ത്യാ ചൈന അതിർത്തി തർക്കത്തിൽ ശുഭസൂചകമായ പുരോഗതിയുണ്ടെങ്കിലും ജാഗ്രത തുടരാൻ സൈന്യം. കിഴക്കൻ ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെ ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണ രേഖ ( എൽഎസി)യിലുടനീളം ചൈന അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുള്ളതിനാൽ മൂന്നുമണിക്കൂറിനുള്ളിൽ വൻതോതിൽ സേനാവിന്യാസം നടത്താൻ ചൈനയ്ക്ക് സാധിക്കുമെന്നതിനാലാണ് സൈന്യം ജാഗ്രത തുടരാൻ തീരുമാനിച്ചത്.

എൽഎസിയിലുടനീളം ചൈന റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയ്ക്ക് പുറമെ സൈനികർക്ക് വൻതോതിൽ തങ്ങാനുള്ള താമസകേന്ദ്രങ്ങൾ വരെ ചൈന സജ്ജമാക്കിയിട്ടുണ്ട്. അതിനാൽ നിലവിലെ തീരുമാനപ്രകാരം 150 കിലോമീറ്റർ അകലേക്ക് സൈനികരെ പിൻവലിച്ചാലും ചൈനയ്ക്ക് മൂന്ന് മണിക്കൂറിനുള്ളിൽ അതേസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാനാകും. ഈ ഭീഷണി നിലനിൽക്കുന്നതിനാലാണ് സൈന്യം ജാഗ്രത തുടരാൻ തീരുമാനിച്ചത്.

നിയന്ത്രണരേഖയ്ക്കിപ്പുറം ഇന്ത്യയ്ക്ക് സൈന്യത്തെ എത്തിക്കാൻ ഇപ്പോഴും പ്രതിസന്ധികളുണ്ട്. ചൈനയുടെ ഭാഗത്ത് കൂടുതലും സമനിരപ്പായ പ്രദേശങ്ങളാണെന്നതും അവർക്ക് കൂടുതൽ പ്രയോജനകരമാണ്. എന്നാൽ ഇന്ത്യയ്ക്ക് നിയന്ത്രണരേഖയ്ക്ക് സമീപം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെങ്കിൽ നിരവധി ഭൗമസാഹചര്യങ്ങളുൾപ്പെടെയുള്ള പ്രതിസന്ധികളെ മറികടക്കണം. അതിനാൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള അടിസ്ഥാന സൗകര്യവികസനം മെല്ലെയാണ് പുരോഗമിക്കുന്നത്.

ഇത് പൂർത്തിയാകുന്നത് വരെ ജാഗ്രത തുടരേണ്ടതുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. 2020 ജൂണിലെ ഗാൽവാൻ സംഘർഷത്തിന് ശേഷം നാലുവർഷത്തോളം നീണ്ട സൈനിക വിന്യാസങ്ങൾ പിൻവലിച്ച് തുടങ്ങിയെങ്കിലും ചൈനയെ തത്കാലം പൂർണമായി വിശ്വസിക്കാൻ സൈന്യം തയ്യാറല്ല.നിലവിൽ 100 കിലോമീറ്റർ ദൂരത്തേക്ക് ചൈനീസ് സൈന്യം പിന്മാറിയിട്ടുണ്ട്. ഇന്ത്യയും വൻതോതിലുള്ള സേനാവിന്യാസം കുറച്ചുതുടങ്ങി. ഇപ്പോഴും ചില മേഖലകളിൽ സൈനികർ മുഖാമുഖം നിൽക്കുന്ന സ്ഥിതിയുണ്ട്. ചൈനയുടെ ഭാഗത്ത് 45,000 മുതൽ 50,000 വരെ സൈനികർ എൽഎസിയുടെ സമീപത്തായുണ്ടെന്നാണ് കണക്കാക്കുന്നത്. ടാങ്കുകൾ, പീരങ്കികൾ, കവചിത വാഹനങ്ങൾ, ഭൂതല-വ്യോമ മിസൈലുകൾ എന്നിവയുമായാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *