അമേരിക്കയിലേക്കുള്ള മുഴുവൻ തപാൽ സേവനങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ ഇന്ത്യ. ഇന്ന് മുതൽ പ്രാബല്യത്തിൽവരുമെന്ന് തപാൽ വകുപ്പ് അറിയിച്ചു. യുഎസ് കസ്റ്റംസ് ചട്ടങ്ങളിൽ ഓഗസ്റ്റ് അവസാനം നിലവിൽവരുന്നമാറ്റങ്ങൾ ചൂണ്ടിക്കാണിച്ചാണ് തപാൽ വകുപ്പിന്റെ നടപടി. 800 ഡോളർവരെ വിലമതിക്കുന്ന സാധനങ്ങൾക്ക് നൽകിയിരുന്ന ഡ്യൂട്ടി ഫ്രീ ഡി മിനിമിസ് ഇളവ് പിൻവലിക്കുന്ന എക്സിക്യുട്ടീവ് ഉത്തരവ് ജൂലൈമാസം മുപ്പതാം തീയതിയാണ് യുഎസ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 29-ാം തീയതി മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽവരിക.
ഈ മാസം 29 മുതൽ അമേരിക്കയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര തപാൽ ഉരുപ്പടികളും അവയുടെ മൂല്യം പരിഗണിക്കാതെ, കസ്റ്റംസ് തീരുവയ്ക്ക് വിധേയമായിരിക്കുമെന്ന് തപാൽവകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് സേവനങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കുന്നത്. കത്തുകൾ, രേഖകൾ, 100 യുഎസ് ഡോളർവരെ വിലമതിക്കുന്ന സമ്മാനങ്ങൾ എന്നിവയ്ക്ക് മാത്രമാകും തൽക്കാലത്തേക്ക് ഇളവുണ്ടാകുകയെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വ്യാപാരത്തീരുവയെച്ചൊല്ലി യുഎസ്-ഇന്ത്യാബന്ധം വഷളായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് തപാൽസേവനങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം. യുഎസ്, ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവയും റഷ്യൻ എണ്ണ വാങ്ങുന്നതിന് അധികമായി 25 ശതമാനം പിഴയും ചുമത്തിയതോടെ ആകെ തീരുവ 50 ശതമാനമായി ഉയർന്നിരുന്നു.
