കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 160 പേർ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം. ഇതിൽ ഭൂരിഭാഗം ആളുകളും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരിൽ നിരവധിപ്പേരെ ഡയാലിസിന് വിധേയമാക്കി. ഐ സി യു, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർക്കായി ഒരുക്കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചികിത്സയിൽ തുടരുന്നവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കും. ഇതിനായി സുരക്ഷാ സേനകൾ പ്രത്യേക പരിശോധനകൾ നടത്തുമെന്നും കുവൈത്ത് അധികൃതർ വ്യക്തമാക്കി.
ദുരന്തങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ഇത്തരം ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. നിയമ വിരുദ്ധമായ പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

വിഷ മദ്യ ദുരന്തത്തിൽ കണ്ണൂര് സ്വദേശി പി സച്ചിന് മരിച്ചതായി കുടുംബാംഗങ്ങള്ക്ക് വിവരം ലഭിച്ചു. 31 വയസുള്ള സച്ചിൻ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. നാലു വർഷം മുൻപാണ് ഇയാൾ കുവൈത്തിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുകൾ അറിയിച്ചു. അതെ സമയം സംഭവത്തിൽ കൂടുതൽ മലയാളികൾ മരിച്ചതായും ചികിത്സയിൽ തുടരുന്ന പലരുടെയും കാഴ്ച ശക്തി നഷ്ട്ടപ്പെട്ടതായും സൂചനകൾ ഉണ്ട്. മരണമടഞ്ഞവരുടെയും ചികിത്സയിൽ തുടരുന്നവരുടെയും കുടുംബങ്ങൾക്ക് ബന്ധപ്പെടുന്നതിന് വേണ്ടി ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചതായി എംബസി അറിയിച്ചു.വിഷ മദ്യ ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ ചികിത്സയ്ക്കായി ആശുപത്രികളുമായും കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും എംബസി അറിയിച്ചു.
