ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുന്നതായി ഡ്രീം 11. ഇക്കാര്യം ബിസിസിഐ അധികൃതരെ അറിയിച്ചു. പുതിയ സ്പോൺസർമാരെ കണ്ടെത്താനുള്ള നടപടി ബിസിസിഐ ആരംഭിച്ചു. ഓൺലൈൻ വാതുവയ്പ്പും ചൂതാട്ടങ്ങളും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതിനു പിന്നാലെയാണ് നടപടി.

പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾ നടത്തിയിരുന്ന ഒട്ടേറെ പ്ലാറ്റ്ഫോമുകൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. മൈ 11 സർക്കിൾ, വിൻസൊ, സുപ്പീ, പോകർബാസി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളാണ് പ്രവർത്തനം നിർത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസറായ ഡ്രീം ഇലവന്റെ പരസ്യത്തിൽ എം.എസ്. ധോണി, രോഹിത് ശർമ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും പ്രമുഖ നടൻമാരും അഭിനയിച്ചിരുന്നു. പണം ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ഡ്രീം ഇലവന്റെ ഉടമകളായ പ്ലേ ഗെയിംസ് 24×7 അറിയിച്ചു. വ്യാഴാഴ്ചയാണ് ഓൺലൈൻ വാതുവയ്പ്പ് നിരോധനബിൽ ലോക്സഭ പാസാക്കിയത്.
2023-ലാണ് ഡ്രീം 11 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർമാരാകുന്നത്. മൂന്ന് വർഷത്തേക്ക് 358 കോടി രൂപയുടേതാണ് കരാർ. കരാർ കാലാവധി തീരും മുൻപേ അവസാനിപ്പിച്ചെങ്കിലും ഡ്രീം 11 ന് പിഴത്തുകയൊന്നും നൽകേണ്ടിവരില്ല. കരാറിൽ ഇതു സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. കേന്ദ്ര സർക്കാർ നിയമങ്ങളിൽ കൊണ്ടുവരുന്ന ഭേദഗതി സ്പോൺസറിന്റെ വാണിജ്യ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ ക്രിക്കറ്റ് ബോർഡിന് ഒരു പണവും നൽകേണ്ടതായിട്ടില്ല. .
